കോട്ടയം: കെ.സി.ബി.സി. ജാഗ്രതാ കമ്മിഷൻ ആഭ്യന്തര പ്രചാരണത്തിന് തയ്യാറാക്കിയിരുന്ന ബുള്ളറ്റിൻ ജാഗ്രതാ ന്യൂസ് പൊതുവിപണിയിലേക്ക് മാറ്റിയിറക്കി. ജാഗ്രത എന്ന പേരിൽ മാസികയാക്കി മാറ്റിയാണ് ഇറക്കിയത്. കത്തോലിക്കാ സഭയ്ക്കെതിരായ ആരോപണങ്ങളെ ജാഗ്രതയോടെ ചെറുക്കുക എന്നതാണ് ഉദ്ദേശ്യം.

പാലാ ബിഷപ്പിന്റെ കുറവിലങ്ങാട് പള്ളിയിലെ പ്രസംഗം വിവാദമാക്കി സഭയെ പ്രതിക്കൂട്ടിലാക്കാനും ആക്ഷേപിക്കാനും ശ്രമം നടന്നതായി കെ.സി.ബി.സി. വിലയിരുത്തിയിരുന്നു. തെറ്റായ പ്രചാരണത്തിന് മറുപടി പറയാൻ പൊതു ഇടം വേണമെന്ന കാഴ്ചപ്പാടിലാണ് പൊതുമാസിക തയ്യാറാക്കുന്നത്. ഒന്നാം ലക്കത്തിൽ പാലാ ബിഷപ്പിന്റെ കുറവിലങ്ങാട് പ്രസംഗം പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പിന്റെ ലേഖനവും ഉൾപ്പെടുത്തി.

സഭയ്ക്കുള്ളിലെ ആഭ്യന്തര പ്രബോധനങ്ങൾപോലും ആഴ്ചകളോളം മുഖ്യധാരാ മാധ്യമങ്ങൾ ചർച്ചചെയ്ത് യഥാർഥ വിഷയങ്ങളിൽനിന്നും വഴിതിരിച്ചു വിടുകയാണ് ചെയ്യുന്നതെന്ന് ഇതിന്റെ പത്രാധിപക്കുറിപ്പിൽ എഴുതുന്നു.

വിവിധ ഏജൻസികൾ തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ച് തന്ന മുന്നറിയിപ്പുകൾ നമ്മുടെ അറിവിലുണ്ടായിട്ടും വിധ്വംസക പ്രവർത്തനത്തെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ മതസൗഹാർദ്ദം ചർച്ചചെയ്ത് വിഷയത്തെ മാറ്റുന്ന സ്ഥിതിയിലാണ് കേരളം. ഇത് അപകടകരമാണെന്ന് കുറിപ്പ് വിലയിരുത്തുന്നു. അത് മനസ്സിലാക്കിത്തന്നെയാണ് കേരള സഭ ഒറ്റക്കെട്ടായി സാമൂഹിക തിൻമകൾക്കെതിരേ പ്രതികരിക്കാൻ തീരുമാനിച്ചത്. എല്ലാ സമുദായങ്ങളും തങ്ങൾക്കുള്ളിൽ സംഭവിക്കുന്ന അപചയങ്ങളെ തിരിച്ചറിയണം. തീവ്ര ആശയസംഹിതകളെ തിരിച്ചറിഞ്ഞ് പരിഹാരത്തിന് ശ്രമിക്കണമെന്നും ഫാ. മൈക്കിൾ പുളിക്കൽ എഴുതിയ കുറിപ്പിൽ ആവശ്യപ്പെടുന്നു.