തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന വർഗീയ മുതലെടുപ്പിന് വിട്ടുകൊടുക്കാതെയുള്ള കരുതൽ വേണമെന്ന് ഇരുമുന്നണികളും. മത-സാമുദായിക സംഘടനകൾ നേർക്കുനേർ വരുന്നതിലെ അപകടം മുന്നിൽക്കണ്ട് സൂക്ഷിച്ചാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രതികരണങ്ങൾ. തങ്ങൾ നേരത്തേ ഉന്നയിക്കുന്ന വിഷയമായതിനാൽ ബിഷപ്പിന് പൂർണപിന്തുണയുമായി ബി.ജെ.പി.യും നിലകൊള്ളുന്നു.

ബിഷപ്പിന്റെ പ്രസ്താവനയെ തള്ളിപ്പറയുമ്പോഴും ക്രിസ്ത്യൻ വിഭാഗത്തിന്റെ വികാരങ്ങൾക്ക് മുറിവേൽക്കാതിരിക്കാനും നേതാക്കൾ ശ്രദ്ധിക്കുന്നു. എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികളിൽ കേരള കോൺഗ്രസുകൾ ശക്തമായ സാന്നിധ്യമായത് പ്രധാന പാർട്ടികളുടെ പ്രതികരണത്തെ പരിമിതപ്പെടുത്തുന്നുമുണ്ട്.

ബിഷപ്പിന്റെ പ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പ്രതികരണം. മുഖ്യമന്ത്രി കുറച്ചുകൂടി കടുപ്പിച്ചു. സമൂഹത്തിന്റെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ മതപരമായ ചേരിതിരിവ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്‌. കേരള കോൺഗ്രസാകട്ടെ, ആദ്യ രണ്ടുദിവസം പ്രതികരണങ്ങളിൽനിന്ന് വിട്ടുനിന്നു. ബിഷപ്പ് സാമൂഹിക തിന്മക്കെതിരേ ജാഗ്രത പുലർത്താനാണ് ഉപദേശിച്ചതെന്ന് ജോസ് കെ. മാണി പിന്നീട് വ്യക്തമാക്കി. നിലപാട് മുഖ്യമന്ത്രി പറഞ്ഞെന്നും കൂടുതൽ പ്രതികരണം മറ്റു നേതാക്കൾ നടത്തേണ്ടെന്നുമാണ് എൽ.ഡി.എഫ്. നിലപാട്.

നിലപാട് മയപ്പെടുത്തി യു.ഡി.എഫ്.

ബിഷപ്പിന്റെ പ്രസ്താവനയെ ആദ്യംതന്നെ എതിർത്ത് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രംഗത്തുവന്നിരുന്നു. എന്നാൽ, കേരള കോൺഗ്രസ്- ജെ., എൻ.സി.പി. പാർട്ടികൾ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ചു. സാമൂഹിക വിപത്തുകളിലേക്കാണ് ബിഷപ്പ് വിരൽചൂണ്ടിയതെന്ന് പി.ജെ. ജോസഫും പറഞ്ഞു. മുസ്‍ലിംലീഗാകാട്ടെ ബിഷപ്പിനെതിരേ കടുത്തവിമർശനങ്ങളിലേക്ക് പോയില്ല. ഇതിനെത്തുടർന്ന് ബിഷപ്പ് ചൂണ്ടിക്കാണിച്ച പ്രശ്നങ്ങളിൽ സർക്കാർ നിഷ്‌ക്രിയമായിരിക്കയാണെന്ന് കുറ്റപ്പെടുത്തി സതീശൻ നിലപാട് മയപ്പെടുത്തി.

പിന്തുണയ്ക്കാൻ ബി.ജെ.പി.

ദീർഘനാളായി ബി.ജെ.പി. ഉന്നയിക്കുന്ന വിഷയം ബിഷപ്പിന്റെ സ്ഥിരീകരണമായി വരുമ്പോഴുള്ള നേട്ടം ബി.ജെ.പി. തിരിച്ചറിയുന്നു. തിരഞ്ഞെടുപ്പ് തോൽവിയെത്തുടർന്നുള്ള ആഭ്യന്തരപ്രശ്നങ്ങൾ സംഘടനയിൽ ഉയരുന്ന അവസരത്തിലും അതിനുമീതേ ഈ പ്രശ്നം ഉയർത്താനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നത്. പി.കെ. കൃഷ്ണദാസും ജോർജ് കുര്യനും ബിഷപ്പിനെ നേരിട്ടു സന്ദർശിച്ച് പാർട്ടിയുടെ പിന്തുണ അറിയിച്ചു. ക്രൈസ്തവ വിശ്വാസികളുടെ ഇടയിൽ പാർട്ടിക്ക് വേരോട്ടമുണ്ടാക്കാനുള്ള പഴുതായാണ് പാർട്ടി വിഷയത്തെ കാണുന്നത്.