പാലാ: മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ആദ്യകാല നടി മിസ് കുമാരിയുടെ ഓർമകൾക്ക് അമ്പതാണ്ട്. നീലക്കുയിൽ എന്ന ചിത്രത്തിലെ ‘എല്ലാരും ചൊല്ലണ്... കല്ലാണ് നെഞ്ചിലെന്ന് ‘എന്ന പാട്ടിന്റെ രംഗത്ത് അഭിനയിക്കുന്ന മിസ് കുമാരിയുടെ നീലി എന്ന കഥാപാത്രമാണ് മലയാളിയുടെ മനസ്സിൽ ഈ നടിയെ അനശ്വരയാക്കിമാറ്റിയത്.

മിസ് കുമാരിയുടെ സ്മരണ പുതുക്കാൻ ഒരുങ്ങുകയാണ് ജന്മനാട്. ഭരണങ്ങാനം കൊല്ലംപറമ്പിൽ തോമസ്-ഏലിക്കുട്ടി ദമ്പതിമാരുടെ മകളായ ത്രേസ്യാമ്മയാണ് മിസ് കുമാരിയായി മാറിയത്. വെള്ളിനക്ഷത്രം എന്ന സിനിമയിൽ ചെറിയ രംഗത്ത് പ്രത്യക്ഷപ്പെട്ടതാണ് മിസ് കുമാരിയുടെ അഭിനയജീവിതത്തിന്റെ തുടക്കം. നീലക്കുയിൽ, നല്ല തങ്ക, ഹരിശ്ചന്ദ്രൻ, അവകാശി, ജയിൽപ്പുള്ളി, മന്ത്രവാദി, രണ്ടിടങ്ങഴി എന്നിവ ഉൾപ്പെടെ 43 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടു തമിഴ് സിനിമകളിലും അഭിനയിച്ചു.

സ്ത്രീകൾ പൊതുരംഗത്തേക്ക്‌ വരുന്നത് എതിർത്തിരുന്ന യാഥാസ്ഥിതിക സമൂഹത്തിന്റെ എതിർപ്പ് അവഗണിച്ച് ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് മിസ് കുമാരി താരമായി മാറിയത്. മികച്ച നടിക്കുള്ള അവാർഡും നേടി. 13 വർഷത്തോളം മിസ് കുമാരി സിനിമയിൽ സജീവമായിരുന്നു. മലയാളത്തിലെ മികച്ച ദുഃഖകഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് മിസ് കുമാരി ശ്രദ്ധേയയായത്.

എറണാകുളം സ്വദേശിയായ എൻജിനീയർ ഹോർമിസ് തളിയത്തായിരുന്നു ഭർത്താവ്. വിവാഹജീവിതത്തിനുശേഷം സിനിമയിൽ സജീവമായിരുന്നില്ല. 1969 ജൂൺ ഒൻപതിന് 37-ാം വയസ്സിൽ രോഗബാധിതയായി മരിക്കുകയായിരുന്നു. മിസ് കുമാരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മിസ് കുമാരി അനുസ്മരണം തിങ്കളാഴ്ച വൈകീട്ട് 4.30-ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സിനിമാ സംവിധായകൻ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. സിറിയക് തോമസ്, ജോർജ് കുളങ്ങര, ബെന്നി മൈലാടൂർ, ഡോ. ബാബു തളിയത്ത്, ജോണി എന്നിവർ പങ്കെടുത്തു.