കരിപ്പൂര്‍: ഇന്ത്യയിലേക്ക് ആയിരം കോടിരൂപയുടെ വ്യാജ കറന്‍സികള്‍ കടത്താന്‍ പാക് ചാരസംഘടന ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ) ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. ഇവയുടെ അച്ചടി പൂര്‍ത്തിയായി. യഥാര്‍ഥ ഇന്ത്യന്‍ കറന്‍സിയിലെ 17 സുരക്ഷാമുദ്രകളില്‍ പതിനൊന്നും പകര്‍ത്തിയവയാണ് ഇവ. പാക് സര്‍ക്കാരിന്റെ റാവല്‍പിണ്ടിയിലുള്ള കറന്‍സി പ്രസ്സുകളിലായിരുന്നു 2000 രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ചത്.

രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നിവയോടും ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഒരു നോട്ടുമായി പോലും എത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി.

കള്ളനോട്ടുകള്‍ ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് കടത്താനാണ് നീക്കം. പുതിയ നോട്ടിറങ്ങി മാസങ്ങള്‍ക്കകം തന്നെ പാകിസ്താനില്‍ അച്ചടിച്ച നോട്ടുകള്‍ ബംഗാള്‍ അതിര്‍ത്തിവഴി രാജ്യത്ത് എത്തിച്ചിരുന്നു. നോട്ടുകള്‍ ഒരുമിച്ച് ഇന്ത്യയിലേക്കയക്കാതെ ഘട്ടം ഘട്ടമായി എത്തിക്കാനാണ് ഐ.എസ്.ഐ. ശ്രമം. അതിര്‍ത്തി ഗ്രാമമായ മാല്‍ദയില്‍നിന്ന് ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെ മൂന്ന് കോടി രൂപയ്ക്കുള്ള വ്യാജ 2000 രൂപാനോട്ടുകളാണ് പിടികൂടിയത്. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം ഇത്തരം നോട്ടുകള്‍ കണ്ടെടുത്തിരുന്നു. ഇന്ത്യയിലെ വിതരണസംഘത്തിന് വിശ്വാസം വരുത്താനായി ഐ.എസ്.ഐ. അയച്ച സാമ്പിള്‍ നോട്ടുകളായിരുന്നു ഇവ.

കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ 2000-ത്തിന്റെ കള്ളനോട്ടുകളില്‍ ഇന്ത്യന്‍ കറന്‍സിയുടെ 17 സുരക്ഷാ രേഖകളില്‍ ആറെണ്ണമാണ് പകര്‍ത്തിയിരുന്നത്. ജനുവരിയില്‍ പിടികൂടിയവയില്‍ പതിനൊന്ന് സുരക്ഷാരേഖയുണ്ട്. മാല്‍ദയില്‍ നിന്ന് ആദ്യഘട്ടത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി കണ്ടെടുത്തവ ഗുണമേന്മ കുറഞ്ഞ നോട്ടുകളായിരുന്നെങ്കില്‍ ജനുവരിയില്‍ കണ്ടെടുത്തവ 70 ശതമാനം സുരക്ഷാമുദ്രകളും പകര്‍ത്തിയവയും ഒറ്റനോട്ടത്തില്‍ സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്തവയുമാണ്.

ബംഗാള്‍ അതിര്‍ത്തിയില്‍ 35,000 രൂപയ്ക്ക് ഒരുലക്ഷത്തിന്റെ കള്ളനോട്ടുകളാണ് വിതരണം ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 40,000 മുതല്‍ 50,000 രൂപവരെ നല്‍കിയാല്‍ ഒരുലക്ഷത്തിന്റെ കള്ളനോട്ട് ലഭിക്കും. ബംഗാളിലെ മാല്‍ദയുമായി കേരളത്തിലെ വ്യാജനോട്ട് മാഫിയക്കുള്ള ബന്ധമാണ് ഇവിടെയും സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കാന്‍ ഇടയാക്കിയത്.