കോട്ടയ്ക്കൽ: ആയുർവേദത്തിന് അന്താരാഷ്ട്രപ്രശസ്തി നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഡോ. പി.കെ. വാരിയരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാരിയരുടെ നൂറാംപിറന്നാൾ ആഘോഷത്തിന്റെ ഭാഗമായുള്ള ഓൺലൈൻപരിപാടികൾ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് വാരിയർ മുന്നോട്ടുവെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഈ പ്രവർത്തനം ഇല്ലായിരുന്നെങ്കിൽ ഇന്ന് ആയുർവേദത്തിന് ആഗോളതലത്തിലുള്ള ഈ സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല.

ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലും തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ച് രൂപംകൊണ്ട ഉജ്ജ്വലവ്യക്തിത്വമാണ് ഡോ. വാരിയരുടേത്. നൂറുവയസ്സ് പൂർത്തിയാക്കാൻ കഴിയുക എന്നത് അത്യപൂർവം പേർക്കുമാത്രം ലഭിക്കുന്ന ധന്യതയാണെന്നുപറഞ്ഞ മുഖ്യമന്ത്രി, പി.കെ. വാരിയർക്ക് പിറന്നാൾ ആശംസയും നേർന്നു.

കോട്ടയ്ക്കൽ എം.എൽ.എ. പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ ഓൺലൈൻയോഗത്തിൽ അധ്യക്ഷത വഹിച്ചു. കളക്ടർ കെ. ഗോപാലകൃഷ്ണൻ വിശിഷ്ടാതിഥിയായി. കോട്ടയ്ക്കൽ നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീർ, മുൻ കേന്ദ്ര ആയുഷ് സെക്രട്ടറി ശൈലജചന്ദ്ര, ആര്യവൈദ്യശാലാ ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. ജി.സി. ഗോപാലപിള്ള എന്നിവർ സംസാരിച്ചു.

ജൂൺ എട്ടിനാണ്, ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്ടറുമായ ഡോ. പി.കെ. വാരിയരുടെ നൂറാം പിറന്നാൾ. എടവത്തിലെ കാർത്തികയാണ് ജന്മനക്ഷത്രം. ‘ശതപൂർണിമ’യുടെ ഭാഗമായി ജൂൺ മൂന്നിന് മൈസൂർ ജെ.എസ്.എസ്. ആയുർവേദകോളേജുമായി സഹകരിച്ച് ശാസ്ത്രസെമിനാർ ഓൺലൈനായി നടത്തും.

എട്ടിന് വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദകോളേജുമായി ചേർന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ഒരു പ്രഭാഷണപരമ്പരയും ഒരുക്കുന്നുണ്ട്.