തിരുവനന്തപുരം:സി.പി.എം. പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്ത പി.കെ. ശശി എം.എൽ.എ. എതിർശബ്ദമില്ലാതെ പാർട്ടിയിലെ കടമ നിറവേറ്റണം. ഇതാണ് ആറുമാസത്തെ ‘നല്ലനടപ്പായി’ സി.പി.എം. നിശ്ചയിച്ചത്.

പാർട്ടി അംഗമെന്ന നിലയിലുള്ള അവകാശങ്ങൾ മാത്രമാണ് സസ്‌പെൻഷനിലൂടെ ശശിക്ക് നഷ്ടമാകുന്നത്. ശശിക്കെതിരായ നടപടി പാലക്കാട് ജില്ലാകമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. ശശി നൽകിയ പരാതിയിലെ വിഭാഗീയത ആരോപണവും ഇനി പാലക്കാട്ടാകും പരിശോധിക്കുക.

സി.പി.എമ്മിന്റെ ഭരണഘടനയനുസരിച്ച് ഒരംഗത്തിന് അവകാശങ്ങളും ചുമതലകളുമുണ്ട്. സസ്‌പെൻഷനെന്നത് അവകാശങ്ങൾ ഇല്ലായ്മ ചെയ്യലാണ്. ഈ നടപടിനേരിട്ടാലും ചുമതലകൾ നിറവേറ്റണം. പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, പാർട്ടി അംഗങ്ങളുടെ പ്രവർത്തനം വിലയിരുത്തുകയും വിമർശിക്കുകയും ചെയ്യുക, പാർട്ടി തീരുമാനത്തിലുള്ള വിയോജിപ്പ് അറിയിക്കുക എന്നിങ്ങനെയുള്ളവയാണ് അവകാശങ്ങൾ. ഇത് ശശിക്കുണ്ടാവില്ല. പകരം, പാർട്ടിപരിപാടിയും തീരുമാനങ്ങളും നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഇപ്പോഴുമുണ്ട്.

പാർട്ടി അംഗങ്ങളല്ലാത്തവർക്ക് പങ്കെടുക്കാവുന്ന എല്ലാ വേദിയിലും അദ്ദേഹത്തിനെത്താം. ഡിസംബർ ഒന്നുമുതൽ പാർട്ടി ഫണ്ട് പിരിക്കാൻ സി.പി.എം. തീരുമാനിച്ചിട്ടുണ്ട്. ഇതിലടക്കം ശശിയുടെ പങ്കാളിത്തമുണ്ടാകും. ഇതിനൊപ്പം, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി, എം.എൽ.എ. എന്നീ നിലയിലുള്ള എല്ലാ അവകാശങ്ങളും ശശിക്കുണ്ടാകും. പാർലമെന്ററി പാർട്ടി യോഗങ്ങളിലും പങ്കെടുക്കാം. നിയമസഭയിൽ പാർട്ടിവിപ്പും ശശിക്കുണ്ടാകും. എന്നാൽ, സി.ഐ.ടി.യു. ഭാരവാഹികളുടെ പാർട്ടി ഫ്രാക്‌ഷനിൽ ശശിക്ക് പങ്കെടുക്കാനാവില്ല.

തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്ന ശശിയുടെ പരാതി അന്വേഷണ കമ്മിഷൻ പരിശോധിച്ചിട്ടില്ല. പാലക്കാട് ജില്ലയിൽ വിഭാഗീത വളരുന്നുണ്ടെന്ന വിലയിരുത്തൽ സംസ്ഥാന നേതൃത്വത്തിനുണ്ട്. ഇക്കാര്യം ജില്ലാകമ്മിറ്റിയുടെ പരിശോധനയ്ക്ക്‌ വിടും.

എന്നും പാർട്ടിക്ക് വിധേയൻ

തന്നെ വളർത്തിയും ശിക്ഷിച്ചതും പാർട്ടിയാണ്. എന്നും പാർട്ടിക്ക് വിധേയനായിരിക്കും. പ്രവർത്തനത്തിലോ ശൈലിയിലോ ഏതെങ്കിലും തരത്തിലുള്ള തെറ്റ് പാർട്ടിക്ക്‌ ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് പൂർണമായി അംഗീകരിക്കുന്നു. പാർട്ടി അച്ചടക്കത്തിന് വിധേയനായി കമ്യൂണിസ്റ്റുകാരനായി തുടരും. ചെയ്തത് ക്രിമിനൽ കുറ്റമൊന്നുമല്ല. വിഭാഗീയതയാണ് പരാതിക്ക്‌ കാരണമെന്ന് മാധ്യമങ്ങളോട്‌ പറഞ്ഞിട്ടില്ല. അങ്ങനെ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ, അത് എന്താണെന്ന് അവർക്ക് അറിയാം.-പി.കെ. ശശി എം.എൽ.എ.

content highlights; p.k sasi, cpim, CPM Leader PK Sasi Suspended From Party