പാലക്കാട് : പി.കെ ശശി എം.എൽ.എ.ക്കെതിരായ പീഡനാരോപണം േകന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിൽ എത്തിയതിന് പിന്നിൽ രാഷ്ട്രീയ അടിയൊഴുക്കുമുണ്ടെന്ന് സൂചന. നിലവിൽ ജില്ലയിൽ പാർട്ടിയിൽ ശക്തനായ നേതാവാണ് സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റുകൂടിയായ ശശി.

വിഭാഗീതയുടെ കാലംമുതൽതന്നെ ഔദ്യോഗിക പക്ഷത്തെ പ്രമുഖനാണ് ശശി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഒറ്റപ്പാലം മണ്ഡലത്തിലേക്ക് ശശിയെ പരിഗണിച്ചിരുന്നു. ശശിയുടെ സ്ഥാനാർഥിത്വത്തിനെതിരേ പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പുണ്ടായി. ഇത് മറികടന്നത് ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും പാർട്ടിക്കുള്ളിൽ അദ്ദേഹത്തിനുള്ള പിന്തുണകൊണ്ടാണ്. പിന്നീടാണ് അദ്ദേഹം ഷൊർണൂരിൽ സ്ഥാനാർഥിയായത്.

ശശിക്ക് സ്വാധീനമുള്ളതിനാൽ ഇത്തരത്തിലൊരു പരാതി ജില്ലാതലത്തിൽ നൽകിയാൽ ഒതുക്കപ്പെടാനുള്ള സാധ്യത പരാതിക്കാരി മുൻകൂട്ടി കണ്ടിരുന്നു. വൃന്ദാ കാരാട്ടിനെയും സീതാറാം യെച്ചൂരിയെയും നേരിട്ട് സമീപിക്കാൻ ഇതാണ് കാരണമെന്ന് കരുതുന്നു.

പാർട്ടിക്കുള്ളിലെ അപ്രമാദിത്വത്തിനെതിരായ പ്രതിഷേധവും വിഭാഗീയതയും ഇത്തരത്തിലൊരു നീക്കത്തിന് പിന്നിലുണ്ടോ എന്നും സംശയമുണ്ട്. ആസൂത്രിത ഗൂഢാലോചനയാണെന്ന് ഇതേക്കുറിച്ച് പി.കെ. ശശി പ്രതികരിക്കുകയും ചെയ്തു.

പരാതി കിട്ടിയില്ല എന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിയപ്പോൾ പരാതി ഉണ്ടെന്ന് ആദ്യം സ്ഥിരീകരിച്ചത് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. പിന്നാലെ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യം സ്ഥിരീകരിച്ചു. പരാതിയിൽ നടപടി സ്വീകരിച്ചുതുടങ്ങി എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പരാതി മുങ്ങിപ്പോകാൻ പറ്റാത്തവിധം നടത്തിയ ആസൂത്രണമാണ് ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ എത്തിച്ചത്.

സംഭവത്തിൽ പോലീസ് കേസ് ഉൾപ്പെടെയുള്ള നടപടികൾ പ്രതിപക്ഷവും ബി.ജെ.പി.യും യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്്. പാർട്ടി പരിഹരിക്കേണ്ട പ്രശ്നമായതിനാലാണ് പാർട്ടിക്ക് പരാതി നൽകിയത് എന്നാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. പീഡനസ്വഭാവത്തിലാണ് പരാതി ഉള്ളതെങ്കിൽ ഇത് പുറത്തുവന്നാൽ നിയമനടപടി വേണ്ടിവരും. അതുകൊണ്ടുതന്നെ പരാതിക്കാരിക്ക് യോജിപ്പില്ലാത്ത രീതിയിലല്ല പരിഹാരം ഉണ്ടാവുന്നതെങ്കിൽ കാര്യങ്ങൾ വീണ്ടും കുഴയും.