തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജനുനേരെ അപായശ്രമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽത്തന്നെ ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ യാത്രയ്ക്ക് കരുതൽ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ജയരാജനെ അറിയിക്കുകയും ചെയ്തിരുന്നു.

ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിനു പിന്നാലെ അപായഭീഷണി കൂടിയെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. ജയരാജന് കൂടുതൽ പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഉത്തരമേഖലാ ഐ.ജി. അശോക് യാദവ് നിർദേശിച്ചെങ്കിലും അദ്ദേഹം അതു നിരസിച്ചു. വടക്കൻ മേഖലയിലെ ജയരാജന്റെ യാത്രയിൽ കൂടുതൽ ശ്രദ്ധവേണമെന്ന് ഐ.ജി. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

നിലവിൽ രണ്ട് ഗൺമാൻമാർ ജയരാജന്റെ സുരക്ഷയ്ക്കുണ്ട്. ഇതിനുപുറമേ വീട്ടിലടക്കം കൂടുതൽ പോലീസുകാരെ സുരക്ഷയ്ക്കു നിയോഗിക്കാനായിരുന്നു ഐ.ജി.യുടെ നിർദേശം. ഇതനുസരിച്ച് കഴിഞ്ഞദിവസം തലശ്ശേരി പാട്യത്തെ അദ്ദേഹത്തിന്റെ വീട്ടിൽ കൂടുതൽ പോലീസ് കാവൽ ഏർപ്പെടുത്തി. എന്നാൽ, അധികസുരക്ഷ വേണ്ടെന്ന് ജയരാജൻതന്നെ അറിയിച്ചതിനെത്തുടർന്ന് ഇവരെ തിരിച്ചുവിളിച്ചു.

ഷുക്കൂർ, കതിരൂർ മനോജ് വധക്കേസുകളിൽ പി. ജയരാജൻ പ്രതിയാണ്. നേരത്തേ ആർ.എസ്.എസ്. അക്രമത്തിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്തതാണ്. മൻസൂർ കൊല്ലപ്പെട്ടശേഷം ജയരാജനോടുള്ള ശത്രുത എതിർരാഷ്ട്രീയ ചേരികളിൽ ശക്തമാണെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്.

Content Highlights: P. Jayarajan may be in danger-  Intelligence