തിരുവനന്തപുരം:  ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവിയിലേക്ക് നിയോഗിച്ച്‌ പാര്‍ട്ടി ഒതുക്കിയതാണെന്ന വാദം തള്ളി പി. ജയരാജന്‍. അഭിമാനത്തോടെയാണ് ഈ പദവി ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഖാദി ബോര്‍ഡ് ആസ്ഥാനത്ത് ചുമതലയെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജയരാജന്‍ ആരോപണം നിഷേധിച്ചത്. 

രാഷ്ട്രം രൂപപ്പെടുത്തിയ ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി രൂപവത്കരിച്ച പ്രസ്ഥാനമാണ് ഖാദി ബോര്‍ഡ്. അതിന്റെ ചുമതല ഏറ്റെടുക്കുന്നതില്‍ അഭിമാനം മാത്രം. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഡിസംബര്‍ ഒന്നിന് ബോര്‍ഡ് യോഗം ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കും. ഖാദി ബോര്‍ഡ് സെക്രട്ടറിക്കെതിരായ അഴിമതി ആരോപണങ്ങളുടെ കാര്യത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസിലേക്ക് മടങ്ങുംമുമ്പ് ചെറിയാന്‍ ഫിലിപ്പ് നിരസിച്ച പദവിയിലേക്ക് കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ പി.ജയരാജനെ നിയമിച്ചത് ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ജയരാജന്റെ പ്രതികരണം. ശനിയാഴ്ച രാവിലെ ഖാദി ബോര്‍ഡ് ആസ്ഥാനത്ത് ചുമതലയെടുക്കാനെത്തിയ പി.ജയരാജനെ സെക്രട്ടറി കെ.എ.രതീഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.