തൊടുപുഴ: ഒരു മാമ്പഴക്കാലത്താണ് പി.ജെ. ആദ്യമായി ഡോ. ശാന്തയെ കാണുന്നത്. മാമ്പഴക്കാലം പിന്നീട് പ്രണയകാലമായി. അവർ വിവാഹിതരായി. ഒന്നിച്ചുള്ള ഈ യാത്ര അരനൂറ്റാണ്ട് പിന്നിട്ട് മുന്നോട്ടുപോകുകയാണ്. മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ പി.ജെ.ജോസഫും ഡോ. ശാന്തയും വിവാഹിതരായിട്ട് ബുധനാഴ്ച 50 വർഷമാകും.

മാവ് സാക്ഷി...

പി.ജെ.യുടെയും ഡോ. ശാന്തയുടെയും പ്രണയത്തിന് വയറ്റാട്ടിൽ പാലത്തിനാൽ വീട്ടുമുറ്റത്തെ മാവാണ് സാക്ഷി. 1967-ലെ ഫെബ്രുവരി മാസം. അന്ന് പി.ജെ. തേവര എസ്.എച്ച്. കോളേജിൽ എം.എ.യ്ക്ക് പഠിക്കുകയാണ്. ഒരുദിവസം വീട്ടിലേക്ക് ചെല്ലുമ്പോൾ മാവിൻചുവട്ടിൽ കുറേ കുട്ടികൾ മാമ്പഴം പെറുക്കുന്നുണ്ട്. കൂട്ടത്തിൽ പരിചയമില്ലാത്ത ഒരു പെൺകുട്ടിയും. പി.ജെ.യെ കണ്ടപ്പോൾ ആ പെൺകുട്ടി വീട്ടിലേക്ക് കയറിപ്പോയി.

പുറപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് പുതുതായി വന്ന ഡോ. ശാന്തയായിരുന്നു അത്. അവിടെയാണ് തുടക്കം. പി.ജെ.യുടെ മൂത്ത സഹോദരിയുടെ ജൂനിയറായിരുന്ന ശാന്ത പാലത്തിനാൽ വീട്ടിൽനിന്നാണ് ജോലിക്ക് പോയിരുന്നത്. രാത്രിയിൽ വീട്ടിൽ പി.ജെ. പാട്ടുപാടും. ഒരു ദിവസം സുജാത എന്ന ഹിന്ദി സിനിമയിലെ ‘ജൽത്തേ ഹേ ജിസ്‌കെ ലിയേ’ എന്ന പാട്ട് പാടി തിരിഞ്ഞുനോക്കിയപ്പോൾ പെട്ടെന്നൊരാൾ തല പിറകിലോട്ട് വലിച്ച് ശ്രദ്ധ മാറ്റുന്നത് കണ്ടു. പാട്ട് മുഴുവൻ കേട്ട ശാന്ത താൻ നോക്കിയപ്പോൾ ശ്രദ്ധിക്കുന്നില്ലെന്ന് വരുത്താനുള്ള ശ്രമമായിരുന്നു അതെന്ന് പി.ജെ. പറയുന്നു.

കരുത്തായ് എന്നെന്നും

മൂന്ന് മാസം കഴിഞ്ഞപ്പോൾ ഡോ. ശാന്ത സ്ഥലംമാറിപ്പോയി. ആദ്യം പണ്ടപ്പള്ളിയിലേക്കും പിന്നീട് മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിലേക്കും. പറമ്പിലെ ജോലിക്കാരനായ ദേവസ്യയുടെ ചികിത്സയ്ക്കായി മൂവാറ്റുപുഴയിൽ പോയപ്പോഴാണ് വീണ്ടും ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ച തങ്ങളുടെ അടുപ്പത്തെ ഒന്നുകൂടി ഊഷ്മളമാക്കിയെന്ന് പി.ജെ.യും ശാന്തയും പറയുന്നു. നിരന്തരം കത്തുകളെഴുതി.

1971 സെപ്റ്റംബർ 15-ന് വിവാഹം. അപ്പോഴേക്കും പി.ജെ. ജനപ്രതിനിധി ആയിരുന്നു. അന്നുമുതൽ ഇന്നുവരെ തനിക്ക് ഏറ്റവും പിന്തുണ നൽകിയിരിക്കുന്നത് ഡോ. ശാന്തയാണെന്ന് പി.ജെ.പറയുന്നു. ആരോഗ്യവകുപ്പ് അഡീ. ഡയറക്ടറായാണ് ഡോ. ശാന്ത വിരമിച്ചത്. മക്കൾ: അപു, യമുന, ആന്റണി, പരേതനായ ജോ.