തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ അമിത അവകാശവാദത്തിന് വഴങ്ങേണ്ടതില്ലെന്ന് കോൺഗ്രസ് മേൽനോട്ട സമിതിയിൽ അഭിപ്രായമുയർന്നു. ആദ്യം 15 സീറ്റ് ആവശ്യപ്പെട്ട പി.ജെ. ജോസഫ് 12 സീറ്റെങ്കിലും ലഭിച്ചേ തീരൂവെന്ന നിലപാടിലാണ്. എന്നാൽ എട്ട്‌-ഒമ്പത്‌ സീറ്റുകളിലധികം നൽകാനാകില്ലെന്ന നിലപാടാണ് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ നേതാക്കൾ സ്വീകരിച്ചത്.

തീരുമാനം കാപ്പൻ എടുക്കട്ടെ

എൻ.സി.പി.യെ മുന്നണിയിൽ എങ്ങനെ ഉൾക്കൊള്ളണമെന്ന കാര്യത്തിലും പ്രാഥമിക ചർച്ച നടന്നു. എന്നാൽ തീരുമാനമായില്ല. ഘടകകക്ഷിയായി മുന്നണിയിൽ ഉൾപ്പെടുത്തണമെന്നാണ് മാണി സി. കാപ്പന്റെ ആവശ്യം. മൂന്നു സീറ്റുവരെ കാപ്പൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ കാപ്പൻ കോൺഗ്രസിൽ ചേരട്ടെയെന്ന മുൻ നിലപാട് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ചു.

എന്നാൽ ഇക്കാര്യത്തിൽ മാണി സി. കാപ്പൻ തന്നെ തീരുമാനമെടുക്കട്ടെയെന്ന നിർദേശം ചില നേതാക്കൾ മുന്നോട്ടുവെച്ചു.

എം.പി.മാർക്ക്‌ ചുമതല

തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധ്യതകൾ സംബന്ധിച്ച പ്രൊഫഷണൽ ഏജൻസികളുടെ അവതരണവും യോഗത്തിൽ നടന്നു. ഐശ്വര്യകേരളജാഥ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചതെന്ന് യോഗം വിലയിരുത്തി. പി.എസ്.സി. റാങ്ക് ഹോൾഡേഴ്‌സ് സമരം, ശബരിമല പ്രശ്‌നം അടക്കമുള്ള കാര്യങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കഴിഞ്ഞെന്നും യോഗം വിലയിരുത്തി.

അതത് പാർലമെന്റ് മണ്ഡലത്തിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല എം.പി. മാർക്ക് നൽകി. വയനാട്ടിൽ കെ. മുരളീധരനും ആലപ്പുഴയിൽ കൊടിക്കുന്നിൽ സുരേഷിനും അധികച്ചുമതല. കോട്ടയത്തിന്റെ ഏകോപന ചുമതല ഉമ്മൻചാണ്ടിക്കായിരിക്കും.

കാപ്പന്റെ കാര്യം യു.ഡി.എഫ്. ചർച്ചചെയ്യും

മാണി സി. കാപ്പനെ മുന്നണിയുടെ ഭാഗമാക്കുന്നകാര്യം യു.ഡി.എഫ്. ചർച്ചചെയ്യും. ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലാതെ യോജിച്ചു തീരുമാനമെടുക്കും. ഇ. ശ്രീധരൻ രാജ്യത്തിന് ഒട്ടേറെ സംഭാവന ചെയ്തയാളാണ്. അദ്ദേഹം ബി.ജെ.പി.യിലേക്ക് പോകുന്നത് വ്യക്തിപരമായ തീരുമാനമാണെങ്കിലും ദുഃഖമുണ്ട്‌.

- ഉമ്മൻ ചാണ്ടി, മുൻ മുഖ്യമന്ത്രി.