കോട്ടയം: വിശ്വാസികൾക്കനുകൂലമായ നിലപാട് സ്വീകരിക്കുന്നവരെ പിന്തുണയ്ക്കാനുള്ള ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമനുസരിച്ചാണ് നിയമസഭയിൽ ബി.ജെ.പിക്കൊപ്പം നിന്നതെന്ന് പി.സി.ജോർജ് എം.എൽ.എ. പറഞ്ഞു. വിശ്വാസത്തെ ആരെതിർത്താലും അവരെ യോജിച്ച് നേരിടും.

നിലവിൽ ബി.ജെ.പി. നിലപാടിനോട് യോജിക്കുന്നെന്നുവെച്ച് ജനപക്ഷത്തെ ആരുടെയും തൊഴുത്തിൽ കൊണ്ടുപോയി കെട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഞ്ചു മണ്ഡലത്തിൽ മത്സരിക്കും. അപ്പോൾ ആര് വോട്ടുചെയ്താലും തിരിച്ച് സഹായിക്കും. പത്തനംതിട്ടയിൽ മകൻ ഷോൺ ജോർജ് മത്സരിച്ചാൽ ജയിക്കുമെന്നും ജോർജ് അവകാശപ്പെട്ടു.

ശബരിമലയെ മാത്രമല്ല ക്രിസ്ത്യൻ-മുസ്ളീം മതവികാരത്തെയും വ്രണപ്പെടുത്തുന്ന സർക്കാരാണ് പിണറായിയുടേത്. സർക്കാർ പ്രസിദ്ധീകരണമായ ‘വിജ്ഞാനകൈരളി’യിലെ എഡിറ്റോറിയലിലെ ചില പരമാർശങ്ങൾ ഇക്കാര്യം ശരിവെയ്ക്കുന്നുണ്ട്.

ശബരിമല വിധി നടപ്പാക്കാൻ തിരക്കുകൂട്ടുന്ന സർക്കാർ മറ്റ് പല സുപ്രീംകോടതി വിധികളുടെയും കാര്യത്തിൽ ഈ താത്‌പര്യം കാണിച്ചിട്ടില്ല. കെ.സുരേന്ദ്രനെ പിണറായി പേടിക്കുന്നതിനാലാണ് കള്ളക്കേസിൽ കുടുക്കുന്നത്. രണ്ടുദിവസത്തേക്ക് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന പിണറായിയുടെ ആഗ്രഹം നടക്കില്ലെന്നും നടത്താൻ അനുവദിക്കില്ലെന്നും ജോർജ് പറഞ്ഞു.