തിരുവനന്തപുരം: കേരള ജനപക്ഷമെന്ന പുതിയ സാമൂഹിക സംഘടനയുമായി പി.സി. ജോര്‍ജ്. മസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തിനു ശേഷം നിയമസഭയ്ക്കു മുന്നില്‍ പ്രത്യേക പ്രതിജ്ഞയോടെയായിരുന്നു സംഘടനാ പ്രഖ്യാപനം.

വി.എസ്.ഡി.പി., സ്വതന്ത്രമത്സ്യത്തൊഴിലാളി, ഡി.എച്ച്.ആര്‍.എം. തുടങ്ങിയ സംഘടനകളുടെ നേതാക്കളും ജോര്‍ജിനൊപ്പമുണ്ടായിരുന്നു. ഒരു മുന്നണിയോടും കൂറുപുലര്‍ത്താത്ത സാമൂഹിക സംഘടനയായിരിക്കുമെന്ന് ചെയര്‍മാന്‍ കൂടിയായ പി.സി. ജോര്‍ജ് പറഞ്ഞു.

ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടിയായി ജനപക്ഷത്തെ പ്രഖ്യാപിച്ചാല്‍ ജോര്‍ജിന്റെ എം.എല്‍.എ. സ്ഥാനത്തിന് അയോഗ്യതയുണ്ടാകുമെന്നതിനാലാണ് സാമൂഹിക സംഘടനയെന്ന പ്രഖ്യാപനം.

മുമ്പ് ഇതേപേരില്‍ ബി.ജെ.പി. നേതാവ് കെ. രാമന്‍പിള്ള പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. പിന്നീടത് പിരിച്ചുവിട്ടു.

ഭരണഘടനയ്ക്കും മഞ്ഞ-ചുവപ്പ് നിറത്തിലുള്ള പതാകയ്ക്കും യോഗം അംഗീകാരം നല്‍കി. പതിനാല് ജില്ലാ കണ്‍വീനര്‍മാരെയും പോഷക സംഘടനാ കണ്‍വീനര്‍മാരെയും പ്രഖ്യാപിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും കണ്‍വീനര്‍മാരുണ്ടാകും. ഓണ്‍ലൈനായാണ് അംഗത്വം. 300 പേരടങ്ങുന്ന സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റും ഉണ്ടാകും.

അഴിമതി മുക്ത വികസിത കേരളം യാഥാര്‍ഥ്യമാക്കുന്നതിനായാണ് ജനപക്ഷം രൂപവത്കരിച്ചതെന്നും ഭാവിയില്‍ രാഷ്ട്രീയ പാര്‍ട്ടിയായി വളര്‍ത്തുമെന്നും ജോര്‍ജ് പറഞ്ഞു.
 
വെള്ളാപ്പള്ളിയുടേത് ബഫൂണ്‍ വേഷം

പുതിയ സംഘടനയ്‌ക്കൊപ്പം ബി.ഡി.ജെ.എസിനെ കൂട്ടാത്തത് വെള്ളാപ്പള്ളിയുടെ വാക്കിന് വിലയില്ലാത്തതിനാലാണെന്ന് പി.സി. ജോര്‍ജ്. ഇന്ന് പറയുന്നത് നാളെപറയുമോ എന്നുറപ്പില്ലാത്ത ബഫൂണ്‍ വേഷമാണ് വെള്ളാപ്പള്ളിക്ക്. മര്യാദയ്ക്ക് നടന്നിരുന്നെങ്കില്‍ ദുര്‍ബല വിഭാഗത്തിന്റെ മാര്‍പ്പാപ്പ ആകേണ്ട ആളാണെന്നും ഇപ്പോള്‍ കുഴിവെട്ടുകാരന്റെ അവസ്ഥയാണ് അദ്ദേഹത്തിനെന്നും ജോര്‍ജ് പറഞ്ഞു.