കൊച്ചി: ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ട് പിന്‍വലിക്കല്‍ നടപടികളില്‍ പ്രതിഷേധിച്ച് പി.സി. ജോര്‍ജ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ട്രെയിന്‍ ഗതാഗതം തടഞ്ഞു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് പി.സി. ജോര്‍ജ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ 'കറന്‍സി ആന്തോളന്‍' എന്ന പേരില്‍ ട്രെയിന്‍ തടഞ്ഞത്.

സമരക്കാര്‍ ന്യൂഡല്‍ഹി-തിരുവനന്തപുരം 'കേരള എക്‌സ്​പ്രസ്', തിരുവനന്തപുരം-ഹൈദരാബാദ് 'ശബരി എക്‌സ്​പ്രസ്' എന്നിവ അര മണിക്കൂര്‍ വീതം തടഞ്ഞിട്ടു. റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന പി.സി. ജോര്‍ജിനെയും അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഇന്ത്യയിലെ പാവപ്പെട്ടവരുടെ പണം മോദി തടവിലാക്കിയിരിക്കുകയാണ്. കറന്‍സി നിരോധനത്തിന്റെ ദുരിതങ്ങള്‍ തീരുമെന്ന് പ്രധാനമന്ത്രി പറഞ്ഞ 50 ദിവസം പിന്നിട്ടിട്ടും പെതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കപ്പെടുന്നില്ല. അശാസ്ത്രീയവും അപക്വവുമായ കറന്‍സി നിരോധനം മൂലം തൊഴില്‍ നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം - സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പി.സി. ജോര്‍ജ് പറഞ്ഞു.

ഇന്ത്യയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മോദിക്കെതിരെ ശബ്ദമുയര്‍ത്താന്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനാകുന്നില്ല. അതിനാല്‍, കോണ്‍ഗ്രസ് പിരിച്ചുവിടണം. സാംസ്‌കാരികമായും സാമ്പത്തികമായും യു.ഡി.എഫും എല്‍.ഡി.എഫും കേരളത്തെ നശിപ്പിച്ചു. ഇതിനെതിരെ ജനപക്ഷ രാഷ്ട്രീയവുമായി താനുണ്ടാകുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

30 ന് പി.സി. ജോര്‍ജ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനിരിക്കെയാണ്, അദ്ദേഹം നേതൃത്വം നല്‍കുന്ന ജനപക്ഷത്തിന്റെ കൂടി സഹകരണത്തോടെ റെയില്‍ തടയല്‍ സമരം നടത്തിയത്.

സമരത്തിന് പിന്തുണയുമായി വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ജനപക്ഷം നേതാക്കളായ മുഹമ്മദ് സക്കീര്‍, എസ്. ഭാസ്‌കര പിള്ള, ഷോണ്‍ ജോര്‍ജ്, ആന്റണി മാര്‍ട്ടിന്‍, സൈജോ ഹസന്‍, ജോയി സക്കറിയ, എം.ടി. ജോസഫ്, ഇ.കെ. ഹസന്‍കുട്ടി തുടങ്ങിയവരും പങ്കെടുത്തു.