തോപ്പുംപടി: അലങ്കാരമത്സ്യങ്ങള്‍ വളര്‍ത്തുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് അസാധാരണ ഗസറ്റിലൂടെ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

158 ഇനം അലങ്കാരമത്സ്യങ്ങള്‍ക്കാണ് വിലക്ക് ബാധകമാവുക. കേരളത്തില്‍ വിപണിയിലുള്ള ഭൂരിഭാഗം മത്സ്യങ്ങളും പട്ടികയിലുണ്ട്.

അലങ്കാര വളര്‍ത്തുമത്സ്യങ്ങളുടെ ആരോഗ്യം, ശുചിത്വം എന്നിവ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിജ്ഞാപനമെന്ന് സര്‍ക്കാര്‍ പറയുന്നു. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയുന്നതിനുള്ള 2016-ലെ നിയമത്തിന്റെ ചുവടുപിടിച്ചാണ് വിജ്ഞാപനം കൊണ്ടുവന്നിരിക്കുന്നത്.

എങ്ങനെ ബാധിക്കും

നിയമം നടപ്പാക്കിയാല്‍ കേരളത്തിലെ ഭൂരിപക്ഷം അലങ്കാരമത്സ്യവളര്‍ത്തുകേന്ദ്രങ്ങളും പ്രതിസന്ധിയിലാകും. നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചാല്‍ വ്യവസായം എന്നനിലയില്‍ അവ പ്രവര്‍ത്തിപ്പിക്കാനാവില്ല. സംസ്ഥാനത്തെ ഭൂരിപക്ഷം അലങ്കാരമത്സ്യവളര്‍ത്തുകേന്ദ്രങ്ങളും ചെറുകിട സംരംഭങ്ങളാണ്. ഇവയെല്ലാം പൂട്ടേണ്ടിവരും. വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് ചെലവേറും. ചെറുകിടക്കാര്‍ മേഖലയില്‍നിന്ന് പുറത്താകും.

പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ അലങ്കാരമത്സ്യക്കൃഷിരംഗത്ത് വലിയ കുതിപ്പുണ്ടായിരുന്നു. ആയിരങ്ങള്‍ക്ക് തൊഴില്‍നല്‍കുന്ന മേഖലയായി അത് മാറി. പ്രദര്‍ശനങ്ങളിലൂടെയാണ് പ്രധാനമായും മത്സ്യങ്ങളെ വിറ്റഴിച്ചിരുന്നത്. വിദേശരാജ്യങ്ങളില്‍നിന്ന് മത്സ്യങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിലയുള്ള വ്യവസായരംഗമാണിത്.

അലങ്കാരമത്സ്യവിപണിയെ തകര്‍ക്കുന്ന നിയമം നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഐക്യവേദി കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് സംസ്ഥാന ഫിഷറീസ് മന്ത്രിക്ക് പരാതി നല്‍കി.
 
നിയന്ത്രണങ്ങള്‍

* അലങ്കാരമത്സ്യങ്ങളെ സ്ഫടികഭരണികളില്‍ വളര്‍ത്തരുത്.
 
* അലങ്കാരമത്സ്യ പ്രദര്‍ശനവും വില്‍പ്പനയും പാടില്ല.

* കേരളത്തില്‍ വ്യാപകമായി വളര്‍ത്തുകയും വില്‍ക്കുകയും ചെയ്യുന്ന ക്ലൗണ്‍, കാംസെല്‍, ഏഞ്ചല്‍, ബട്ടര്‍ ഫ്‌ളൈസ്, ബാറ്റ, പാരറ്റ ഫിഷ്, റാഫ് ഫിഷ്, ടാങ് തുടങ്ങിയ ഇനങ്ങളും നിരോധിത വിഭാഗത്തില്‍.

* അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്ന കേന്ദ്രങ്ങളില്‍ മുഴുവന്‍സമയ മത്സ്യ വിദഗ്ധനെയോ വെറ്ററിനറി ഡോക്ടറെയോ നിയമിക്കണം. ഇവര്‍ക്ക് ഒരു സഹായിയും വേണം.

* പവിഴപ്പുറ്റുകളില്‍നിന്ന് കൂടുകളുപയോഗിച്ച് മീന്‍പിടിക്കാന്‍ പാടില്ല.

* വളര്‍ത്തുമൃഗങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ക്കൊപ്പം അലങ്കാരമത്സ്യങ്ങളെ പ്രദര്‍ശിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്യരുത്.