മൂന്നാർ: ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസികൾക്കൊപ്പം പുതുവത്സരം ആഘോഷിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബുധനാഴ്ച ഒരുമണിയോടെ സൊസൈറ്റിക്കുടിയിലെത്തിയ പ്രതിപക്ഷ നേതാവിനെ ആദിവാസികൾ പരമ്പരാഗത രീതിയിൽ സ്വീകരിച്ചു.

തുടർന്ന് ആദിവാസികളുടെ പ്രശ്നങ്ങളും പരാതികളും അനുഭാവപൂർവ്വം കേട്ടു. അതത്‌ വകുപ്പ്‌ മന്ത്രിമാരുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ തീർക്കാമെന്ന ഉറപ്പും അവർക്ക് നൽകി.

ഇടമലക്കുടിയിൽ സ്കൂൾ നിർമിക്കുന്നതിനായി ഡീൻ കുര്യാക്കോസ് എം.പി.യുടെ വികസനഫണ്ടിൽ നിന്ന് 66 ലക്ഷം രൂപ അനുവദിച്ച വിവരവും രമേശ് ചെന്നിത്തല ഇവരെ അറിയിച്ചു. സൊസൈറ്റിക്കുടിയിലെ സ്കൂളിൽ കഞ്ഞിപ്പുര പണിയാൻ തുക അനുവദിക്കുമെന്ന് ഒപ്പമുണ്ടായിരുന്ന ഡീൻ കുര്യാക്കോസ് എം.പി.യും പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാക്കളായ എ.കെ.മണി, ഇബ്രാഹിംകുട്ടി കല്ലാർ, ഇ.എം.ആഗസ്തി, റോയ് കെ.പൗലോസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. പഞ്ചായത്ത് ആസ്ഥാനത്ത് ആദിവാസികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷമാണ് പ്രതിപക്ഷനേതാവും സംഘവും മടങ്ങിയത്.

കുശലം, സെൽഫി, മധുരം

മൂന്നാർ: ഇടമലക്കുടിക്കാരോട് കുശലം പറഞ്ഞും സെൽഫിയെടുത്തും പ്രതിപക്ഷ നേതാവ് അവരുടെ മനം കവർന്നു. കൈപിടിക്കാനെത്തിയ അമ്മമാരെയും മുതിർന്നവരെയും ചേർത്തുനിർ‌ത്തി. കുട്ടികൾക്കൊപ്പം സെൽഫി. പിന്നെ അവർക്ക് സ്നേഹത്തിന്റെ മധുരം പകർന്ന് മിഠായികളും നൽകി. എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നാണ് പ്രതിപക്ഷ േനതാവ് മടങ്ങിയത്.

ഗണപതിക്കൊരു സമ്മാനം

ലാപ്ടോപ്പില്ലാത്തതിനാൽ തന്റെ മകന്റെ പഠനം മുടങ്ങിയതിന്റെ ദുഃഖം കേരളത്തിന്റെ പ്രതിപക്ഷ നേതാവിനോട് പറയുമ്പോൾ മീൻകൊത്തി സെറ്റിൽമെന്റിലെ കനകരാജ് വിചാരിച്ചില്ല ആ ആഗ്രഹം പെട്ടെന്ന് നടപ്പാകുമെന്ന്. തനിക്കൊപ്പം വന്നാൽ മൂന്നാറിൽനിന്ന്‌ ലാപ്‌ടോപ്പ് വാങ്ങി നൽകാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ സന്തോഷംകൊണ്ട് കനകരാജിന്റെ കണ്ണു നിറഞ്ഞു. പൈനാവ് പോളിടെക്നിക്കിൽ കംപ്യൂട്ടർ ഹാർഡ്‌വേർ കോഴ്സ് പഠിക്കുന്ന മകൻ ഗണപതിക്ക്‌(18) വേണ്ടിയാണ് കനകരാജ് സഹായം തേടിയത്. ലാപ്‌ടോപ്പ് വാങ്ങി നൽകാൻ കഴിയാത്തതിനാൽ ഗണപതിയുടെ പഠനം പാതിവഴിയിൽ നിലച്ചിരിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിനൊപ്പം മൂന്നാർ ഗസ്റ്റ് ഹൗസിലെത്തിയ ഗണപതിക്ക് വൈകീട്ടുതന്നെ അദ്ദേഹം ലാപ്ടോപ്പ് സമ്മാനിച്ചു. രമേശ് ചെന്നിത്തല നിർദേശിച്ചതനുസരിച്ച് അടിമാലിയിൽനിന്നാണ് പുതിയ ലാപ്ടോപ്പ് എത്തിയത്.

Content Highlights: Opposition leader celebrates New Year in Edamalakkudy, Opposition leader Ramesh Chennithala