തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധിക്കപ്പെട്ട കേസില്‍ സി.ബി.ഐ. അന്വേഷണം നടത്താനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു.

ചോദ്യോത്തരവേളയില്‍തന്നെ പ്രതിപക്ഷ പ്രതിഷേധം തുടങ്ങിയിരുന്നു. പിന്നീട് ശൂന്യവേളയും ബഹളത്തില്‍ മുങ്ങി. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭാനടപടികള്‍ അവസാനിപ്പിച്ചതായി സ്​പീക്കര്‍ അറിയിച്ചു.

ഷുഹൈബിന്റെ കൊലപാതകം സി.പി.എമ്മിന്റെ നേതൃത്വത്തിലാണ് നടത്തിയതെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ കോണ്‍ഗ്രസിലെ സണ്ണി ജോസഫ് ആരോപിച്ചു.

കൊലയാളികളെ മാത്രം പിടിച്ചാല്‍ പോരാ. കൊല ചെയ്യിച്ചവരേയും പിടികൂടണം. ഇതിനുശേഷമേ സമരം അവസാനിപ്പിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ജാഗ്രതയോടെയാണ് പോലീസ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐ.ജി.യുടെ നേതൃത്വത്തില്‍ നിഷ്പക്ഷ അന്വേഷണമാണ് നടക്കുന്നത്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടിച്ചത്.

രാഷ്ട്രീയമായി ഇരുചേരികളില്‍നില്‍ക്കുന്നവര്‍ തമ്മില്‍ ഭിന്നത സ്വാഭാവികമാണ്. എന്നാല്‍, ഇതിന്റെ പേരിലുള്ള കൊലപാതകം നീതീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്ന് സ്​പീക്കര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്നു പ്രസംഗിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സി.പി.എമ്മിന്റെ കൈയില്‍ ചോര മണക്കുകയാണെന്ന് ആരോപിച്ചു. സഭയ്ക്കുള്ളില്‍ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ബാനറും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്ക് ചോരക്കൊതി തീരുന്നില്ലേ എന്ന ചോദ്യമുയര്‍ത്തിയ ബാനറാണ് ഉയര്‍ത്തിപ്പിടിച്ചത്.
 

ഗൂഢാലോചനയ്ക്കുള്ള വകുപ്പുകൂടി ചേര്‍ക്കും

ഷുഹൈബ് വധക്കേസില്‍ ഗൂഢാലോചനയ്ക്കുള്ള വകുപ്പുകൂടി ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിടിയിലായ അഞ്ചു പ്രതികള്‍ മാത്രമല്ല, മറ്റാര്‍ക്കെങ്കിലും പുറമേനിന്ന് ഇതുമായി ബന്ധമുണ്ടെന്ന് കണ്ടാല്‍ അവര്‍ക്കെതിരേയും നടപടിയുണ്ടാകും.

സി.ബി.ഐ. അന്വേഷണം വേണമെന്ന ഷുഹൈബിന്റെ കുടുംബത്തിന്റെ വികാരം സ്വാഭാവികമാണ്. അവര്‍ എഴുതിയ കത്ത് അതിന്റേതായ രീതിയില്‍ത്തന്നെ ഉള്‍ക്കൊള്ളും. കണ്ണൂരില്‍ കോണ്‍ഗ്രസ് ഒരക്രമവും നടത്തിയിട്ടില്ലെന്ന അവകാശവാദത്തോട് യോജിക്കാനാകില്ല.

നിരാഹാരമിരിക്കുന്ന കെ. സുധാകരന്‍ ഡി.സി.സി. പ്രസിഡന്റായിരുന്നപ്പോഴാണ് സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞതും ഒരാള്‍ മരിച്ചതും. ഒരാളെ കൊന്നിട്ടാണ് വന്നതെന്ന് പ്രസംഗിച്ചത് നാട്ടുകാര്‍ക്ക് ഓര്‍മയുണ്ട്. കണ്ണൂരില്‍ അക്രമങ്ങള്‍ കുറഞ്ഞുവരികയാണെന്ന് കണക്കുകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു.