oommen chandy
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെയും വൈസ് പ്രസിഡന്റ് ശബരീനാഥന്റെയുംനേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരപ്പന്തൽ സന്ദർശിക്കാനെത്തിയ ഉമ്മൻ‌ചാണ്ടിയുടെ കാലിൽ വീണ് അപേക്ഷിക്കുന്ന സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡർമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലുപിടിച്ചു കരഞ്ഞ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരംചെയ്യുന്ന പി.എസ്.സി. ഉദ്യോഗാർഥികൾ. സമരത്തിലിരിക്കുന്നവരെ കാണാനെത്തിയപ്പോഴായിരുന്നു സങ്കടം പറഞ്ഞ് ഉദ്യോഗാർഥികൾ ഉമ്മൻചാണ്ടിയുടെ കാലിൽവീണത്. സഹായിക്കണമെന്നു പറഞ്ഞ് കരഞ്ഞവരെ എഴുന്നേൽപ്പിച്ച് പ്രശ്നപരിഹാരത്തിന് ഇടപെടാമെന്ന് ഉറപ്പുനൽകിയ അദ്ദേഹം അവരുടെ പരാധീനതകൾ മുഴുവൻ കേട്ടു. എൽ.ജി.എസ്., സി.പി.ഒ. കായികതാരങ്ങൾ, എച്ച്.എസ്.എസ്.ടി. റാങ്ക് പട്ടികയിലുള്ളവർ എന്നിവരെയെല്ലാം ഉമ്മൻചാണ്ടി കണ്ടു.

‘‘നിയമനടപടിയിലേക്കു നീങ്ങിയിട്ടുണ്ട്. കാലാവധി അവസാനിച്ച് റാങ്ക് പട്ടികയ്ക്ക് വീണ്ടും സാധുത നൽകാൻ കോടതിക്കു മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ, റാങ്ക് പട്ടികയുടെ കാലാവധി നീട്ടാൻ സർക്കാരിന് പൂർണ അധികാരവും അവകാശവും ഉണ്ടായിരുന്നിട്ടും അതു ചെയ്തില്ല. കോടതിയിൽനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഴുവൻ നിയമവശങ്ങളും പരിശോധിക്കും’’ -ഉമ്മൻചാണ്ടി പറഞ്ഞു.