പുതുപ്പള്ളി: തിരുവനന്തപുരത്തെ ‘പുതുപ്പള്ളി’വീടിന് പുറമേ പുതുപ്പള്ളിയിൽ രണ്ടാമത്തെ ‘കരോട്ടുവള്ളക്കാലിൽ’ വീട് നിർമിക്കുന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. പുതുപ്പള്ളി കവലയിൽ അധ്യാപക ബാങ്കിന് എതിർവശത്തുള്ള കുടുംബവീതത്തിലാണ് വീട് വെയ്ക്കാനൊരുങ്ങുന്നത്.‘‘കുടുംബവീതത്തിൽ ചെറിയൊരു വീട് വെയ്ക്കാൻ ഒരു ഐഡിയ മനസ്സിലുണ്ട്. പ്ലാൻ വരയ്ക്കാൻ കൊടുത്തു. 1,200 ചതുരശ്രയടിയിൽ ചെറിയൊരു വീടാകും. പുതിയ വീടിന് കുടുംബപേരായ കരോട്ടുവള്ളക്കാലിൽ എന്നാകും പേരിടുക’’-അദ്ദേഹം പറഞ്ഞു. ഒരേക്കറിലധികം സ്ഥലമാണ് വീതമായി ലഭിച്ചത്.

ഇപ്പോൾ പുതുപ്പള്ളിയിൽ എത്തിയാൽ രാത്രി തങ്ങുന്നത് നാട്ടകം ഗസ്റ്റ് ഹൗസിലാണ്. ജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിക്കുന്നതും മറ്റും പുതുപ്പള്ളിയിലെ കുടുംബവീടായ ‘കരോട്ടുവള്ളക്കാലിൽ വെച്ചാണ്. നിലവിൽ പുതുപ്പള്ളിയിലെത്തിയാൽ ഏതാനും മണിക്കൂർ മണ്ഡലത്തിൽ ചെലവിട്ടശേഷം മടങ്ങുന്നുവെന്ന ആക്ഷേപത്തിന് തടയിടാൻകൂടിയാണ് പുതുപ്പള്ളിയിൽ വീട് ഒരുങ്ങുന്നത്.

ഇവിടെ എം.എൽ.എ. ഓഫീസിനും സംവിധാനമുണ്ടാകും. ആദ്യ ലോക്ഡൗൺ കാലത്ത് അദ്ദേഹം തിരുവനന്തപുരത്തെ വീട്ടിലായിരുന്നു. എന്നാൽ ഇത്തവണ കൂടുതൽ സമയം പുതുപ്പള്ളിയിൽ ചെലവഴിച്ചു. പല മുന്നണികളും കോവിഡ് സേവനത്തിൽ വ്യാപൃതരാകുമ്പോൾ കോൺഗ്രസ് മാത്രം കാഴ്ചക്കാരാകുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു. ചുരുക്കം ചില ഗ്രാമപ്പഞ്ചായത്തുകളിൽ സ്വന്തം നിലയ്ക്ക് പ്രവർത്തനങ്ങൾ നടത്തിയതൊഴിച്ചാൽ ഏകീകൃത സ്വഭാവമുള്ള സേവനം കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇതിനെ മറികടക്കാനാണ് പുതുപ്പള്ളി അധ്യാപക ബാങ്ക് ഹാൾ കേന്ദ്രീകരിച്ച് ഇത്തവണ ’കോവിഡ് റിലീഫ്@പുതുപ്പള്ളി’ എന്ന പേരിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പ്രവർത്തനം ഏകോപിപ്പിച്ചത്.

ഈ പ്രവർത്തനങ്ങൾ തുടർച്ച വേണമെങ്കിൽ ഉമ്മൻചാണ്ടിയുടെ സാന്നിധ്യം പുതുപ്പള്ളിയിൽ അനിവാര്യമാണ്. പുതുപ്പള്ളിയിലൊരു വീടെന്ന സ്വപ്‌നം ഏറെക്കാലമായി കൊണ്ടുനടക്കുന്നുവെന്ന് പറയുമ്പോഴും പുതുപ്പള്ളിക്കായി ഉമ്മൻചാണ്ടി ഇനി കൂടുതൽ സമയം മാറ്റിവെയ്ക്കുമെന്ന സൂചനകൂടിയാണ് വീട് എന്നത്.

Content Highlight: Oommen Chandy's new home Karottuvallakkalil house