കോട്ടയം: ഇടതുമുന്നണിയിൽ പിണറായി വിജയൻ ക്യാപ്റ്റനാണെങ്കിൽ യു.ഡി.എഫിൽ ഉമ്മൻ ചാണ്ടി ആരാണ്?

ക്യാപ്റ്റൻ, കോച്ച്, കളിക്കാരൻ-ഇതിൽ ആര്?

ഇതെല്ലാമാണ് ഉമ്മൻചാണ്ടിയെന്ന് പ്രവർത്തകർ പറയും.

പാർട്ടിയിൽ ഒപ്പമുള്ളവർക്കുവേണ്ടി ഏതറ്റംവരെയും പോകുന്ന ക്യാപ്റ്റൻ. മുന്നണിയിലെ പ്രശ്നങ്ങൾ തീർക്കുന്ന തന്ത്രജ്ഞനായ പരിശീലകൻ. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പുമത്സരങ്ങളിൽ ജയംമാത്രം ശീലമാക്കിയ ‘പ്ലെയർ ഓഫ് ദി മാച്ച്’.

പുതുപ്പള്ളിയും ഉമ്മൻചാണ്ടിയും മനസ്സുകൊണ്ട് ഒന്നായിട്ട് 51 വർഷം പിന്നിട്ടു. നേമമോ പുതുപ്പള്ളിയോ എന്ന തരത്തിൽ ചർച്ചകൾ അരങ്ങേറിയപ്പോൾ ‘ഇതാ ഞാൻ ഇവിടെത്തന്നെ’ എന്ന് പ്രവർത്തകർക്കൊപ്പമിരുന്ന് പ്രഖ്യാപിച്ച് ആ ബന്ധം ഒന്നുകൂടി ഉറപ്പിച്ചു. ഇത്തവണത്തേത് പന്ത്രണ്ടാം മത്സരം.

ഞായറാഴ്ചകളിലെന്നും പുതുപ്പള്ളിക്കൊപ്പമാണ് ഉമ്മൻ ചാണ്ടി. കഴിഞ്ഞ ഓശാന ഞായറിലും അതിന് മാറ്റമുണ്ടായില്ല. പതിവ് ഓട്ടപ്രദക്ഷിണം.

പുതുപ്പള്ളി സെയ്‌ൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ കുരുത്തോലയുമേന്തി പ്രാർഥന. പിന്നെ പ്രവർത്തകരുടെയും വോട്ടർമാരുടെയും നടുവിലേക്ക്.

ഉച്ചവരെ മണ്ഡലത്തിലുടനീളം യോഗങ്ങൾ. തിരക്കിനിടയിൽ തേടിപ്പിടിക്കുമ്പോൾ മണർകാട് പഞ്ചായത്തിലെ വാഹനപര്യടനത്തിനുമുന്നോടിയായി കണ്ടൻകാവ് കവലയിൽ യോഗം തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പര്യടനം തുടങ്ങാൻ നിശ്ചയിച്ചിരുന്നതെങ്കിലും ഉമ്മൻ ചാണ്ടി എത്തിയപ്പോൾ നാലരയായി. ആരവങ്ങൾക്കിടയിലേക്ക്‌ ഉമ്മൻചാണ്ടി ഇറങ്ങി. ‘‘വൈകിയതിൽ ക്ഷമിക്കണം. അയർക്കുന്നത്തും മണർകാടും കഴിഞ്ഞ ദിവസത്തെ കാറ്റിൽ ഒരുപാട് വീടുകൾക്ക്‌ നാശനഷ്ടമുണ്ടായി. അവിടെ പോയതായിരുന്നു” -ജനങ്ങൾക്കൊപ്പം അവരിലൊരാളായി ജീവിക്കുന്ന നേതാവിന് ഇങ്ങനെയല്ലാതെ പോകാനാവില്ലെന്ന് പുതുപ്പള്ളിക്കാർക്കറിയാം. ഉമ്മൻചാണ്ടിക്ക്‌ ജനസമ്പർക്കത്തിന്‌ അവധിയില്ല.

പ്രചാരണവാഹനം മുന്നോട്ടുനീങ്ങുന്നതിനിടെ അദ്ദേഹം മനസ്സുതുറന്നു.

കഴിഞ്ഞദിവസം ചേലക്കരയിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ തിരക്കിനെക്കുറിച്ചായി സംസാരം.

‘‘ചേലക്കരപോലെ കോൺഗ്രസിന്‌ സ്വാധീനംകുറഞ്ഞ സ്‌ഥലത്ത്‌ ഇത്രയും തിരക്ക് കണ്ടിട്ടില്ല. സർവേകൾ വന്നതോടെ കോൺഗ്രസ്‌ പ്രവർത്തകരുടെ ആവേശം കൂടി’’ -അദ്ദേഹത്തിന്റെ വിലയിരുത്തൽ ഇങ്ങനെ.

മൈക്ക് അനൗൺസ്‌മെന്റ് കേട്ട് ആളുകൾ പുറത്തിറങ്ങുന്നു. അവരിൽ വയോധികരും സ്ത്രീകളും കുട്ടികളുമെല്ലാമുണ്ട്‌.

‘‘എൻ. സീ.....’’ -കുട്ടിയെയുമെടുത്ത് ഷാൾ ഇടാനെത്തിയയാളെ ഉമ്മൻചാണ്ടി നീട്ടി വിളിച്ചു. ‘‘കൊച്ചുമോളാ അല്ലേ’’ -അടുത്ത ചോദ്യം. മണ്ഡലത്തിൽ പലരുടെയും പേരുകൾ മനഃപാഠം.

മാലം കവലയിൽ ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പടക്കമുള്ള പ്രവർത്തകരുണ്ട്. വാഹനത്തിൽനിന്നാണ് പ്രസംഗം.

‘‘നിങ്ങളെ നേരിൽ കാണാനാണ് വന്നത്. ഇതിനുമുമ്പ് വന്നപ്പോഴൊക്കെ നിങ്ങൾ എന്നെ സഹായിച്ചിട്ടുണ്ട്. ആ നന്ദി എനിക്കെന്നുമുണ്ട്.’’

രാഷ്ട്രീയംപറയാതെ ചെറുപ്രസംഗം. ഷാളുകൾ തുടരെ കഴുത്തിലേക്ക്‌. അപ്പോഴും ചെവിയോരത്ത് മൊബൈൽ ഫോണുണ്ട്. മറ്റുജില്ലകളിലെ പ്രചാരണത്തിനുള്ള ക്ഷണമാണ്‌. അവർക്കെല്ലാം ദിവസവും സമയവുംകുറിച്ച് മുന്നോട്ട്.

സഭാതർക്കവും ശബരിമല വിഷയവുമെല്ലാം സംഭാഷണത്തിൽ കടന്നുവന്നു.

‘‘സഭാതർക്കത്തിൽ ഇരുകൂട്ടരെയും ഇടതുസർക്കാർ വാഗ്ദാനംനൽകി പറ്റിച്ചു. രണ്ടുകൂട്ടരെയും ഒന്നിച്ചിരുത്തിയുള്ള പ്രശ്നപരിഹാരമാണ്‌ യു.ഡി.എഫ്. നയം. ശബരിമലവിഷയത്തിൽ ആദ്യംകൊടുത്ത സത്യവാങ്‌മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറുണ്ടോ?

പറമ്പുകര ലക്ഷംവീട്‌ കോളനിയിൽ വോട്ടർമാരുടെ തിരക്ക്.

‘‘തൊഴിലുറപ്പുപദ്ധതി രാജ്യത്തിന്‌ സംഭാവനചെയ്ത കോൺഗ്രസ്‌ ഇനി വരുമാനമുറപ്പാക്കുന്ന ന്യായ്‌ പദ്ധതിയാണ്‌ മുന്നോട്ടുവെക്കുന്നത്‌’’.

അപ്പോഴേക്കും പ്രചാരണവാഹനത്തിലും പ്രവർത്തകർ നിറഞ്ഞു. ആൾക്കൂട്ടമില്ലാതെ ഉമ്മൻചാണ്ടിയില്ല. അവരാണ് 77-ാം വയസ്സിലും അദ്ദേഹത്തിന്റെ ഊർജം.

യു.ഡി.എഫിന്റെ ക്യാപ്‌റ്റൻ ഉമ്മൻചാണ്ടിയാണോ?

അദ്ദേഹത്തോടുതന്നെ ചോദിച്ചു.

ചിരിച്ചുകൊണ്ട്‌ പതിവുശൈലിയിൽ മറുപടി:

‘‘ഞാൻ പ്രവർത്തകരിലൊരാൾമാത്രം’’.

Content Highlights: Oommen Chandy Election campaign