തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശ്വാസികളെ വ്രണപ്പെടുത്തിയപ്പോൾ അതിനെ അനുകൂലിച്ച മുഖ്യമന്ത്രി ആ മുറിവിൽ മുളകുതേയ്ക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കാൻ ജീവന്മരണ പോരാട്ടം നടത്തുന്ന ഒരു സമൂഹത്തെ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും ഉൾപ്പെടെയുള്ള ഇടതുനേതാക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ശബരിമല കേസിൽ എൻ.എസ്.എസ്. കോടതിയിൽ തോറ്റശേഷം ജനങ്ങളെ അണിനിരത്തി പ്രശ്നമുണ്ടാക്കിയെന്നാണ് കാനം പറഞ്ഞത്. കേസിൽ വിശ്വാസികൾക്ക് എതിരായ വിധി ഉണ്ടാകാനുള്ള ഏകകാരണം പിണറായി സർക്കാർ വിശ്വാസികൾക്കെതിരേ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലമാണ്.

ഇപ്പോൾ കടകംപള്ളിയെ തള്ളി മുഖ്യമന്ത്രി കാനത്തിന്റെ പിറകേ പോയി. ശബരിമല വിഷയത്തിൽ സി.പി.എമ്മിന്റെ ഇരട്ടത്താപ്പും വഞ്ചനാപരമായ നിലപാടുമാണ് വീണ്ടും പുറത്തുവന്നത്- ഉമ്മൻചാണ്ടി പറഞ്ഞു.