oommen chandy
എപ്പോഴും ലൈവാ... നിയമസഭയില്‍ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടികള്‍ക്ക് മുന്നോടിയായി പുതുപ്പള്ളിയിലെ വീട്ടിലെത്തിയ ഉമ്മന്‍ചാണ്ടി ലാന്‍ഡ് ഫോണിലൂടെ ആശംസ അറിയിക്കുന്നവരോട് മറുപടി പറയുന്നു| ഫോട്ടോ: ജി. ശിവപ്രസാദ്

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ നയചാതുരിയും ഉപദേശവും അനുഭവസമ്പത്തും തങ്ങൾക്കെന്നും മാർഗദർശകമായെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. നിയമസഭയിൽ ഉമ്മൻ ചാണ്ടി 50 ആണ്ട് തികയ്ക്കുന്നതിന്റെ ‘സുകൃതം സുവർണം’ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അമേരിക്കയിൽനിന്ന് സോണിയാഗാന്ധി അയച്ചുനൽകിയ ഉദ്ഘാടനസന്ദേശം ചടങ്ങിൽ വായിക്കുകയായിരുന്നു.

ജനപ്രതിനിധി എന്നനിലയിലും പാർട്ടിസ്ഥാനങ്ങളിലും ഉമ്മൻ ചാണ്ടി പുലർത്തിയ സത്യസന്ധതയും പ്രതിബദ്ധതയും എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അരനൂറ്റാണ്ട് അദ്ദേഹത്തെ ജനങ്ങൾ തുടർച്ചയായി തിരഞ്ഞെടുത്തതെന്ന് സോണിയ ഒാർമിപ്പിച്ചു.

ആന്ധ്രയിലെ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ കാലിലെ മുറിവ് വകവെക്കാതെ നടന്നുകൊണ്ട് പ്രവർത്തിച്ച സംഭവം ഒാർത്തുപറഞ്ഞ രാഹുൽ ഗാന്ധി, ഉമ്മൻ ചാണ്ടിയുടെ സമർപ്പണത്തെ പ്രകീർത്തിച്ചു. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, ആധ്യാത്മിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങ് ഉമ്മൻ ചാണ്ടിയോടുള്ള നാടിന്റെ സ്നേഹവും ആരാധനയും വ്യക്തമാക്കി.

സി.പി.എമ്മിനെ രാഷ്ട്രീയമായി എതിർക്കുകയും തങ്ങളുടെ പ്രവർത്തകരോട് അടുപ്പം പുലർത്തുകയും ചെയ്യുന്ന ദ്വിമുഖതന്ത്രമായിരുന്നു ഉമ്മൻ ചാണ്ടിയുടേതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ലക്ഷണമൊത്ത കമ്യൂണിസ്റ്റ് വിരുദ്ധനാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം ഒാർമിപ്പിച്ചു. വിയോജിപ്പുകളിലും പുലർത്തുന്ന അടുപ്പമാണ് ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ചൂണ്ടിക്കാട്ടിയത്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഉമ്മൻ ചാണ്ടിയും 70-കളിലെ യുവ എം.എൽ.എ.മാരും തുടങ്ങിവെച്ച മണ്ഡലപരിചരണം ഒാർമിപ്പിച്ചു.

എ.കെ.ആന്റണിയും വയലാർ രവിയും എം.എം.ഹസനും ആദ്യകാല കെ.എസ്.യു. പ്രവർത്തനം ഒാർത്തെടുത്തു. കെ.സി.വേണുഗോപാൽ, ഉമ്മൻ ചാണ്ടി മറ്റ് ജനപ്രതിനിധികൾക്ക് എങ്ങനെ മാതൃകയായെന്ന് വിശദമാക്കി. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., കെ.സി.ജോസഫ് എം.എൽ.എ. എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.

ഇനിയും ഉമ്മൻ ചാണ്ടി ജനപ്രതിനിധിയാകുമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സന്ദേശത്തിൽ പറഞ്ഞു. മോഹൻലാലും മമ്മൂട്ടിയും അദ്ദേഹത്തിന്റെ ജനസേവനവഴികൾ ഒാർത്തെടുത്തു. ജസ്റ്റിസ് കെ.ടി.തോമസ്, പി.കെ.കുഞ്ഞാലിക്കുട്ടി, മാർ ജോസഫ് പൗവത്തിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ക്ലീമീസ് കാതോലിക്കാബാവ, ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്താ, മാർ മാത്യു മൂലക്കാട്ട്, ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്താ, ഡോ.തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്താ, ഡോ. എം.കെ.മുനീർ, റവ. തോമസ് കെ.ഉമ്മൻ, സ്വാമി അമൃതസ്വരൂപാനന്ദപുരി, കുര്യാക്കോസ് സേവേറിയോസ് മെത്രാപ്പൊലീത്താ, മാർ സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പി.ജെ.ജോസഫ്, ജോസ് കെ.മാണി, എം.മധു, റവ. ഡോ.ജോർജ് കുടിലിൽ, പുന്നല ശ്രീകുമാർ, ഡോ.സിറിയക് തോമസ്, പി.ബാലകൃഷ്ണപിള്ള, അൽഹാജ് മുഹമ്മദ് നദീർ മൗലവി തുടങ്ങിയവർ പങ്കെടുത്തു.

ജനങ്ങളുടെ സ്നേഹമാണ് ശക്തി

തന്റെ പാഠപുസ്തകം ജനങ്ങളാണെന്ന് ഉമ്മൻ ചാണ്ടി മറുപടിപ്രസംഗത്തിൽ പറഞ്ഞു. അവരിൽനിന്നാണ് അറിവ് നേടിയത്. എല്ലാവരുടെയും നല്ലവാക്കുകൾക്ക് നന്ദി. ജീവിതത്തിലെ അസാധാരണമായ സംഭവമാണിത്. നല്ലതുമാത്രം കേട്ടദിവസം. ഹൃദയം നന്ദിയും കടപ്പാടുംകൊണ്ട് നിറഞ്ഞു. ഈ പരിപാടിക്ക് ആദ്യം ശക്തമായ എതിർപ്പാണ് താൻ പറഞ്ഞത്. ജനങ്ങളില്ലാതെ പരിപാടി നടത്തിയാൽ ശരിയാവില്ല. മത്സരിക്കാനനുവദിച്ച പാർട്ടിയും വിജയിപ്പിച്ച ജനങ്ങളുമാണ് ശക്തി. ജനങ്ങളുടെ സ്നേഹവും കരുതലും വേണ്ടുവോളം ലഭിെച്ചന്ന് അദ്ദേഹം പറഞ്ഞു.

content highlights: Oommen chandy completes 50 years as mla