കോട്ടയം: മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി സംസ്ഥാന നിയമസഭയിൽ അര നൂറ്റാണ്ട് തികയ്‌ക്കുന്നതിന്റെ ‘സുകൃതം സുവർണം’ ആഘോഷ പരിപാടി വ്യാഴാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സൂം ആപ്പിലൂടെ ആഘോഷം ഉദ്ഘാടനം ചെയ്യും. കോട്ടയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ചടങ്ങ് മാമ്മൻ മാപ്പിള ഹാളിൽ നടക്കും.

സാമൂഹിക, രാഷ്ട്രീയ, സാമുദായിക, ആധ്യാത്മിക മേഖലകളിലെ 50 പ്രമുഖവ്യക്തികൾ പങ്കെടുക്കും. രാഹുൽ ഗാന്ധി, എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക് തുടങ്ങിയവർ ആശംസ നേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വിവിധ മുന്നണിനേതാക്കൾ എന്നിവരും പങ്കെടുക്കും. 16 ലക്ഷം ആളുകൾ ഒാൺലൈനിൽ കാണുമെന്നാണ് സംഘാടകരായ കോട്ടയം ഡി.സി.സി. കരുതുന്നത്. വിവിധ മണ്ഡലം കമ്മിറ്റികൾ പൊതുഇടങ്ങളിൽ പരിപാടി കാണാൻ സൗകര്യം ഒരുക്കും. വൈകീട്ട് 3.30-ന് ദേശഭക്തിഗാനത്തോടെ തുടക്കം. ഉമ്മൻചാണ്ടിയുടെ ജീവിതരേഖ 4.30-ന് പ്രദർശിപ്പിക്കും. ഹാളിലെ ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം.

ഉമ്മൻചാണ്ടിയുടെ ഇന്ന്

പുതുപ്പള്ളിയിലെ വീട്ടിൽനിന്ന് രാവിലെ പുറപ്പെട്ട് ഏഴിന് പള്ളിയിൽ കുർബാനയിൽ പങ്കെടുക്കും. 10-ന് പുതുപ്പള്ളിയിൽ സമ്മേളനം. അവിടെനിന്ന് വാകത്താനം, മീനടം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, അയർക്കുന്നം, മണർകാട് പഞ്ചായത്തുകളിലൂടെ പോകും. രണ്ടിന് കോട്ടയത്തേക്ക് മടങ്ങും. ഉച്ചഭക്ഷണം കഴിഞ്ഞ് പൊതുപരിപാടിയിൽ എത്തും.

ചടങ്ങ് ഇങ്ങനെ

3.30 ദേശഭക്തിഗാനം

4.30 ജീവിതരേഖ അവതരണം

5.00 സോണിയാ ഗാന്ധിയുടെ പ്രഭാഷണവും ഉദ്ഘാടനവും

6.00 സമാപനം, ഉമ്മൻചാണ്ടിയുമായി സദസ്സിന്റെ മുഖാമുഖവും.

content highlights: oommen chandy completes 50 years as mla