പാലക്കാട്: ഇടതുപക്ഷത്തിന് സമരംചെയ്യാനേ അറിയൂ, ഭരിക്കാനറിയില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ.എസ്.ആര്‍.ടി.സി.യുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് പെന്‍ഷന്‍ വിഷയത്തില്‍ പരിഹാരം കാണാന്‍ സാധിക്കുന്നില്ല. യു.ഡി.എഫ്. ഭരണകാലത്ത് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണംചെയ്തതെങ്ങനെയെന്ന് മനസ്സിലാക്കിയാല്‍ ഇടതുസര്‍ക്കാരിന് പെന്‍ഷന്‍ വിതരണത്തിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിളംബരസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. ഭരണകാലത്ത് ഒരുമാസംപോലും കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം മുടക്കിയിട്ടില്ല. പ്രയാസം നേരിട്ടപ്പോള്‍ ഇതിന്റെ 50 ശതമാനം ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു. ബാക്കി 50 ശതമാനം കെ.എസ്.ആര്‍.ടി.സി.ക്ക് ഏറ്റെടുക്കാന്‍ സാധിക്കുന്നതരത്തില്‍ സാന്പത്തിക പരിഷ്‌കരണവും നടപ്പാക്കി. പെന്‍ഷന്‍ വിതരണത്തെ ബാധ്യതയായല്ല കടമയായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് അയത്തില്‍ തങ്കപ്പന്‍ അധ്യക്ഷനായി. മുന്‍ എം.പി. വി.എസ്. വിജയരാഘവന്‍, ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍, മുന്‍ ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, സി.പി. മുഹമ്മദ്, കെ.എ. ചന്ദ്രന്‍, എ. രാമസ്വാമി, കെ.പി.സി.സി. സെക്രട്ടറി സി. ചന്ദ്രന്‍, ജനറല്‍സെക്രട്ടറി ഡി. അരവിന്ദാക്ഷന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി വി. രാമചന്ദ്രന്‍, സ്വാഗതസംഘം കണ്‍വീനര്‍ കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

'മതാധിഷ്ഠിത ഫാസിസത്തിനെതിരേ സാംസ്‌കാരിക കൂട്ടായ്മ' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മുന്‍ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന ട്രഷറര്‍ ബി.സി. ഉണ്ണിത്താന്‍ അധ്യക്ഷനായി. ഡോ. ആര്‍സു, ആര്യാടന്‍ ഷൗക്കത്ത്, ബാലചന്ദ്രന്‍ വടക്കേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

വനിതാസമ്മേളനം എ.െഎ.സി.സി. അംഗം കെ.പി. രാജലക്ഷ്മി ഉദ്ഘാടനംചെയ്തു. വനിതാഫോറം സംസ്ഥാന പ്രസിഡന്റ് നദീറ സുരേഷ് അധ്യക്ഷയായി. വൈകീട്ടുചേര്‍ന്ന സംസ്ഥാന കൗണ്‍സിലിനുശേഷം കലാപരിപാടികളും നടന്നു.

പ്രതിനിധിസമ്മേളനം ഇന്ന്

ശനിയാഴ്ച രാവിലെ നടക്കുന്ന സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. 11.30-ന് നടക്കുന്ന പ്രതിനിധിസമ്മേളനം കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍ ഉദ്ഘാടനംചെയ്യും. വൈകീട്ട് നാലിന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.