തിരുവനന്തപുരം: തീവണ്ടിയാത്രയ്ക്കിടെ കന്യാസ്ത്രീകൾക്കു നേരേ അക്രമമുണ്ടായതിൽ കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻചാണ്ടി ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സഹയാത്രികരായ ബജ്‌റംഗദൾ പ്രവർത്തകരാണ് കന്യാസ്ത്രീകൾക്കു നേരേ ആക്രമണം നടത്തിയത്. സന്ന്യാസാർത്ഥിനിമാരായ രണ്ടു പേരെ മതം മാറ്റാൻ കൊണ്ടുപോകുന്നുവെന്നായിരുന്നു അവരുടെ ആരോപണം. വിവരമറിഞ്ഞെത്തിയ പോലീസ് കന്യാസ്ത്രീകളെ ട്രെയിനിൽനിന്നു നിർബന്ധിച്ചു പുറത്തിറക്കി സ്റ്റേഷനിലേക്കു കൊണ്ടുപോയി.

യാത്ര മുടങ്ങിയ ഇവരെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്. അക്രമികൾക്കെതിരേ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. ന്യൂനപക്ഷങ്ങൾക്കു നേരേ നടക്കുന്ന അതിക്രമങ്ങൾ ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിക്കുന്നതും ഫാസിസത്തിന് വളമിടുന്നതുമാണെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.