തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ സമരം പരിഹരിക്കാൻ നിർദേശങ്ങളുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുൻ യു.ഡി.എഫ്. സർക്കാരിന്റെ മാതൃകയിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് പട്ടികയുടെ കാലാവധി ഒന്നരവർഷം നീട്ടിനൽകിയും കാലാവധി കഴിഞ്ഞ സിവിൽ പോലീസ് ഓഫീസർ റാങ്ക് പട്ടികയിലുള്ളവരെ കോടതിയിൽ സർക്കാർ പിന്തുണച്ചും പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിനുമുന്നിൽ നിരാഹാരസമരം തുടരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് ഷാഫി പറമ്പിലിനെയും സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥനെയും ഉദ്യോഗാർഥികളെയും സന്ദർശിച്ചശേഷം സംസാരിക്കയായിരുന്നു അദ്ദേഹം.

കാലാവധികഴിയുന്ന റാങ്ക് പട്ടികയ്ക്കുപകരം പുതിയ റാങ്ക് ലിസ്റ്റ് ഇല്ലെങ്കിൽ അത് നീട്ടിനൽകുകയെന്നതായിരുന്നു യു.ഡി.എഫ്. സർക്കാരിന്റെ നയം. ലിസ്റ്റ് കാലാവധി നീട്ടിനൽകാൻ വ്യവസ്ഥയും ചട്ടവുമുണ്ട്. അതിന് സർക്കാർ ഒപ്പിടണം. എന്നാൽ, പിണറായി സർക്കാർ ഓരോ പി.എസ്.സി. പട്ടികയും മൂന്നുവർഷമാകാൻ കാത്തിരുന്ന് റദ്ദുചെയ്യുകയാണ്. 133 പട്ടികകളാണ് ഒടുവിൽ റദ്ദുചെയ്തത്. പകരം റാങ്ക്പട്ടിക വന്നിട്ടില്ല. റാങ്ക്പട്ടികയിൽ ഉൾപ്പെടുന്ന കൂടുതൽ പേർക്ക് ജോലിനൽകാൻ സർക്കാരിന് ഇടപെടാൻ സാധിക്കും. യു.ഡി.എഫ്. സർക്കാർ നിയമിച്ച താത്‌കാലികക്കാരുടെ കണക്ക് സർക്കാർ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.

പൈസ വാങ്ങിയെങ്കിൽ തെളിയിക്കൂ

യു.ഡി.എഫ്. സർക്കാർ പി.എസ്.സി. പട്ടികകളുടെ കാലാവധി നീട്ടിനൽകിയത് പൈസ വാങ്ങിയാണെന്ന ആരോപണം തെളിയിക്കാൻ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവനെ ഉമ്മൻചാണ്ടി വെല്ലുവിളിച്ചു.

നിർദേശംതള്ളി ഉദ്യോഗാർഥികളും സർക്കാരും

റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം പരിഹരിക്കാനുള്ള ഉമ്മൻചാണ്ടിയുടെ നിർദേശം തള്ളി ഉദ്യോഗാർഥികൾ. റാങ്ക്പട്ടിക കാലാവധി ഒന്നരവർഷം നീട്ടിയതുകൊണ്ടുമാത്രം സമരം അവസാനിക്കില്ലെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. റാങ്ക്‌ലിസ്റ്റ് നീട്ടിനൽകിയശേഷം വീണ്ടും താത്‌കാലികനിയമനം തുടർന്നാൽ തങ്ങൾക്ക് അവസരം ലഭിക്കില്ല. അതിനാൽ, നിയമനംതന്നെ വേണമെന്ന്‌ റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധികൾ പറഞ്ഞു.

എൽ.ജി.എസ്. റാങ്ക്പട്ടികയ്ക്ക് ഇനിയും സമയമുണ്ട്. അതിനുള്ളിൽ 3000 പേർക്കെങ്കിലും നിയമനം നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സർക്കാർ പ്രതിനിധി ‘മാതൃഭൂമി’യോട്‌ പറഞ്ഞു. എൽ.ജി.എസ്. ഉദ്യോഗാർഥികൾക്ക് പ്രമോഷൻസാധ്യത കുറവാണ്. അതും നിയമനം കുറയാൻ കാരണമാണ്. ഉമ്മൻചാണ്ടി നിർദേശിച്ചതുപോലെ ഒന്നരവർഷം നീട്ടിനൽകിയാൽ മറ്റ് ഉദ്യോഗാർഥികളോടുചെയ്യുന്ന വഞ്ചനയാണെന്നും സർക്കാർ പ്രതിനിധി പറഞ്ഞു.