തിരുവനന്തപുരം: മുൻമന്ത്രി പി.കെ. ജയലക്ഷ്മിയുടെപേരിൽ അഴിമതിയാരോപണക്കേസിൽ അന്വേഷണം അവസാനിപ്പിച്ചെന്നും ക്രമക്കേട് കണ്ടെത്തിയില്ലെന്നുമുള്ള വിജിലൻസ് റിപ്പോർട്ട് യു.ഡി.എഫ്. നേതാക്കൾക്കെതിരേ കള്ളക്കേസ് ചുമത്തുന്ന ഇടതുസർക്കാരിനു കിട്ടിയ കനത്ത തിരിച്ചടിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

പി.കെ. ജയലക്ഷ്മി മന്ത്രിയായിരുന്നപ്പോൾ ആദിവാസിഭൂമി പദ്ധതിയിൽ വൻ അഴിമതിയുണ്ടായെന്നാണ് സി.പി.എം. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രചരിപ്പിച്ചത്.

ഒരു സ്ത്രീയെന്നോ പിന്നാക്കവിഭാഗത്തിൽനിന്നുള്ള ആളെന്നോയുള്ള പരിഗണനപോലും ഇല്ലാതെയാണ് അവരെ തകർക്കാൻ നോക്കിയത്. ഇത് എല്ലാവർക്കും പാഠമാകണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ശബരിമലയെ രാഷ്‌ട്രീയമായി ഉപയോഗിച്ചിട്ടില്ല

കോട്ടയം: ശബരിമല രാഷ്‌ട്രീയ അജൻഡയല്ലെന്ന്‌ ഉമ്മൻചാണ്ടി. കോൺഗ്രസ്‌ ഒരിക്കലും ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ല. ശബരിമല വിഷയം രാഷ്ട്രീയലക്ഷ്യത്തിനോ വിവാദമാക്കാനോ ഉപയോഗിച്ചിട്ടില്ല.

സംസ്ഥാനസർക്കാരിന്‌ വിശ്വാസികളോട്‌ ഐക്യദാർഢ്യമുണ്ടെങ്കിൽ ആചാരസംരക്ഷണത്തിനെതിരേ നൽകിയ സത്യവാങ്‌മൂലം പിൻവലിക്കണം. വിശ്വാസികളുടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ്‌ യു.ഡി.എഫിന്‌ എന്നുമുള്ളത്‌.

മാണി സി. കാപ്പന്റെ മുന്നണിപ്രവേശം സംബന്ധിച്ച് ചർച്ചകൾ നടന്നതായി അറിയില്ല. തീരുമാനമെടുക്കേണ്ടത് മാണി സി. കാപ്പനും പാർട്ടിയുമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.