തിരുവനന്തപുരം: സംസ്ഥാനസർക്കാർ പകുതി ചെലവ് വഹിച്ച് ശബരി റെയിൽപ്പാത നിർമിക്കാൻ തീരുമാനം വൈകിയതുകൊണ്ട് അഞ്ചുവർഷം നഷ്ടപ്പെട്ടെന്ന് ഉമ്മൻ ചാണ്ടി. വൈകിവന്ന ബുദ്ധിയാണെങ്കിലും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ യു.ഡി.എഫിന്റെ നിലപാടിലേക്കു തിരിച്ചുപോയ ഇടതുസർക്കാർ പദ്ധതി പൊടിതട്ടിയെടുത്ത് പ്രഖ്യാപനം നടത്തുകയാണു ചെയ്തത്.

കേന്ദ്രത്തിന്റെ ചെലവിൽ പദ്ധതി നടപ്പാക്കണമെന്ന് യു.ഡി.എഫ്. സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുകയും പ്രധാനമന്ത്രിയുമായി ചർച്ചനടത്തുകയും ചെയ്തു. അതു നടക്കില്ലെന്നു ബോധ്യപ്പെട്ടപ്പോഴാണ് സംസ്ഥാനസർക്കാർ പകുതി ചെലവ് വഹിച്ച് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോയി.

എന്നാൽ, ഇടതുസർക്കാർ അധികാരമേറ്റതിനെത്തുടർന്ന് മുഴുവൻ ചെലവും കേന്ദ്രം വഹിക്കണമെന്ന നിലപാടെടുത്തു. കേന്ദ്രം നിരാകരിച്ചതോടെ പദ്ധതി അഞ്ചുവർഷം നിശ്ചലമായെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ഗെയ്ൽ പദ്ധതി ഇത്രയും വൈകിച്ചതിനും ഇടതുസർക്കാർ കേരളത്തോടു മാപ്പുപറയണം. ഭൂമിക്കടിയിലെ ബോംബ് എന്നാണ് അവർ പ്രചരിപ്പിച്ചത് -ഉമ്മൻ ചാണ്ടി പറഞ്ഞു.