പുതുപ്പള്ളി: ജയിച്ചെങ്കിലും തോറ്റ പ്രതീതിയിലായിരുന്നു തിരഞ്ഞെടുപ്പുഫലം വന്ന ഞായറാഴ്ച ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ കരോട്ടുവള്ളക്കാലിൽ വീട്. നായകൻ വീടിനകത്തുണ്ടെങ്കിലും പുറത്തുകാത്തുനിന്ന അണികളും മൗനത്തിലായിരുന്നു. കേരളം കൈവിട്ടതിനേക്കാൾ തങ്ങളുടെ നേതാവിന്റെ ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞതിലായിരുന്നു അവർക്ക് സങ്കടം. എന്നാൽ തിരഞ്ഞെുടപ്പുഫലത്തിന്റെ ചിത്രം വ്യക്തമായശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ കോൺഗ്രസ് തീർച്ചയായും തിരിച്ചുവരുമെന്ന ആത്മവിശ്വാസം ഉമ്മൻചാണ്ടി പങ്കുവെച്ചു.

കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലത്തിന്റെ നേർക്കാഴ്ചയായി ഇക്കുറിയും. എട്ടു പഞ്ചായത്തുകളിൽ ആറും അന്ന് യു.ഡി.എഫിനെ കൈവിട്ടിരുന്നു. യാക്കോബായ വിഭാഗത്തിന്റെ പിന്തുണയും നേടി എൽ.എഡി.എഫ്. നടത്തിയ കുതിപ്പിൽ ഉമ്മൻചാണ്ടിയുടെ പതിവുവോട്ടുകോട്ടകളായ മണർകാടും പാമ്പാടിയുമുൾെപ്പടെ അദ്ദേഹത്തെ കൈവിട്ടു.

വേറിട്ട അനുഭവം

അരനൂറ്റാണ്ട് കാലത്തിനിടയ്ക്ക് നിരവധി തിരഞ്ഞെടുപ്പ് ഫലം ഈ മുറ്റത്ത് ആഘോഷമായിട്ടുണ്ട്. ഇത്ര മൂകമായ അന്തരീക്ഷം ഇതാദ്യം. പ്രതിപക്ഷനേതാവായും യു.ഡി.എഫ്. കൺവീനറായും മുഖ്യമന്ത്രിയായുമൊക്കെ കേരളത്തെ നയിച്ച ആൾ. ഇത്തവണ കേരളത്തിലെ തിരഞ്ഞെടുപ്പിനെ നയിക്കാൻ സംഘടന ഉത്തരവാദിത്വം ഏൽപ്പിച്ച നേതാവ്. അദ്ദേഹത്തിന്റെ ജനപ്രീതിയിലുണ്ടാകുന്ന ചെറിയ കുറവുപോലും ചർച്ച ചെയ്യപ്പെടും. ഇടതുതരംഗത്തിലാണെങ്കിൽക്കൂടി ഉമ്മൻചാണ്ടിയുടെ വോട്ട് കുറയാൻ പാടില്ലെന്ന വാശിയിലായിരുന്നു പ്രവർത്തകരുടെ പ്രചാരണം. ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലിയാഘോഷംപോലും തിരഞ്ഞെടുപ്പ് മുന്നൊരുക്കമായിരുന്നു.

രാഹുൽ മുതൽ തരൂർ വരെ

മുതിർന്ന നേതാവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റോഡ് ഷോ നടത്തി രാഹുൽഗാന്ധി വരെ മണ്ഡലത്തിലെത്തി. എല്ലാ തവണത്തേക്കാളും കൂടുതൽ സമയം ഉമ്മൻചാണ്ടി മണ്ഡലത്തിൽ ചെലവിട്ടു. പ്രചാരണം പരമാവധി കൊഴുപ്പിച്ച തിരഞ്ഞെടുപ്പായിരുന്നു ഇക്കുറി പുതുപ്പള്ളിയിലേത്. ബി.ജെ.പി.യെ തോൽപ്പിക്കാൻ നേമത്തേക്ക് പോകുമെന്ന പ്രചാരണത്തിനെതിരേ അണികൾതന്നെയാണ് പ്രതിരോധം തീർത്തത്.