തിരുവനന്തപുരം: തെറ്റ് ചെയ്തിട്ടില്ലെന്ന് നൂറുശതമാനം വിശ്വാസം അപ്പോഴും ഇപ്പോഴുമുണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്റെ ഓഫീസ് തുറന്നപുസ്തകമായിരുന്നു. ആര്‍ക്കും ഏതുസമയത്തും കാണാനും പരാതി പറയാനും അവിടെ സൗകര്യമുണ്ടായിരുന്നു.

ഓഫീസിന് വീഴ്ചസംഭവിച്ചെന്ന് പറയുമ്പോള്‍ അത് ഏതു നിലയ്ക്കാണെന്ന് അറിയില്ല. അതിന്റെ വിശദാംശം അറിഞ്ഞാലേ പ്രതികരിക്കാന്‍ കഴിയൂ.

ഓഫീസില്‍വെച്ച് ചിലരെ കണ്ടു, ഇടനാഴിയില്‍ കണ്ടു എന്നൊക്കെയുള്ള പ്രചാരണങ്ങള്‍ വന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണപരിധിയിലാക്കിയത്.
 
സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറയ്ക്കാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് കമ്മിഷനെവെച്ചത്. കമ്മിഷന്റെ അന്വേഷണത്തില്‍ ഒരു ആശങ്കയുമുണ്ടായിട്ടില്ല. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഇത് യു.ഡി.എഫി.നെതിരേ രാഷ്ട്രീയായുധമാകുമെന്ന് കരുതുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
 
റിപ്പോര്‍ട്ട് സത്യസന്ധമാകുമെന്ന് കരുതുന്നു -സരിത

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സത്യസന്ധമാകുമെന്ന് കരുതുന്നതായി മുഖ്യപ്രതി സരിതാ എസ്. നായര്‍. കമ്മിഷന്റെ നടപടിക്രമങ്ങളോട് പൂര്‍ണമായും സഹകരിച്ചു. ശാസ്ത്രീയമായ തെളിവുകള്‍ കമ്മിഷന്‍ ശേഖരിച്ചെന്നാണ് മനസ്സിലാക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ കേസുകള്‍ അവസാനിച്ചിട്ടില്ലെന്നും തുടരുകയാണെന്നും സരിത പറഞ്ഞു.