തൃശ്ശൂർ: വ്യാജരേഖ ചമച്ച് മൊബൈൽ ഫോൺ സിം കാർഡ് കരസ്ഥമാക്കി പണം തട്ടുന്ന സംഘത്തിലെ പ്രധാന പ്രതിയായ മുംെബെ സ്വദേശിനിയെ തൃശ്ശൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ്‌ ചെയ്തു. മുംബൈ ജോഗേശ്വരി ഈസ്റ്റ് ഡോ. പങ്കജ് പട്ടേൽ ജനതാ കോളനിയിൽ നൂർജഹാൻ അബ്ദുൾകലാം ആസാദ് അൻസാരി (45) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഡിസംബറിൽ തൃശ്ശൂരിൽ ഒരു സ്ത്രീയുടെ പുതുതലമുറ ബാങ്കിലെ അക്കൗണ്ടിൽനിന്ന്‌ 20 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തിരുന്നു. തൃശ്ശൂർ സ്വദേശിനിയുടെ വിലാസവും വ്യാജ ഫോട്ടോയും ഉപയോഗിച്ച് സ്വകാര്യ മൊബൈൽ കമ്പനിയുടെ എറണാകുളത്തെ ഔട്ട്‌ലെറ്റിൽനിന്നാണ് തട്ടിപ്പുകാർ സിംകാർഡ് സംഘടിപ്പിച്ചത്. ഇതിനായി മുംബെയിൽനിന്ന്‌ വിമാനമാർഗമാണ് പ്രതി ഉൾപ്പെടെയുള്ള സംഘം എറണാകുളത്ത് എത്തിയിരുന്നത്. ഡ്യൂപ്ലിക്കേറ്റ് സിം കാർഡിനായി തൃശ്ശൂർ സ്വദേശിനിയുടേതെന്ന വ്യാജേന നൽകിയ ഫോട്ടോ അറസ്റ്റിലായ പ്രതിയുടേതാണെന്ന് അന്വേഷണസംഘം കണ്ടെത്തി.

എറണാകുളത്തുനിന്ന്‌ മുംബൈയിൽ തിരിച്ചെത്തിയ സംഘം 15 തവണകളായി 20 ലക്ഷത്തോളം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് ബിഹാർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ എ.ടി.എമ്മുകൾ വഴി പിൻവലിക്കുകയുമായിരുന്നു. പണം നഷ്ടപ്പെട്ട സ്ത്രീ തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.

Content Highlights: online fraud-  Mumbai native arrested