കൊച്ചി: നൂറു രൂപ മുതൽ നിക്ഷേപിച്ച് പത്തിരട്ടിയിലേറെ വരുമാനമുണ്ടാക്കാമെന്ന വാഗ്ദാനവുമായി പുതിയ ഓൺലൈൻ തട്ടിപ്പ്. ഓരോ ദിവസവും മുടക്കുന്ന പണത്തിന്റെ വരുമാനം അന്നുതന്നെ കിട്ടുെമന്നാണ് പ്രചാരണം. കഴിഞ്ഞ ദിവസങ്ങളിൽ എസ്.എം.എസ്. ആയി വ്യാപകമായി പ്രചരിക്കുന്ന സന്ദേശമാണിത്. സന്ദേശത്തിന്റെ കൂടെ വാട്‌സാപ്പിൽ ബന്ധപ്പെടാൻ ഒരു നമ്പറുമുണ്ട്.

സന്ദേശം പരത്തുന്നത് തട്ടിപ്പുകാർ തന്നെ. ഓൺലൈൻ ജോലി ചെയ്ത് മണിക്കൂറിൽ ആയിരങ്ങൾ സമ്പാദിക്കാം എന്ന തട്ടിപ്പിന്റെ പുതിയ പതിപ്പാണ് നിക്ഷേപത്തട്ടിപ്പ്.

യു.കെ. കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രോഗ്രാം ടെക്‌നോളജി കമ്പനിയാണ് ഇതിനു പിന്നിൽ എന്നാണ് പ്രചാരണം.

ആപ്പ് ബഗ് വഴി തങ്ങൾ കോവിഡ് കാലത്തും പണം ഉണ്ടാക്കുന്നുണ്ടെന്നും ഇതിൽ ചേർന്ന് 100 രൂപ നിക്ഷേപിച്ചാൽ പണം സമ്പാദിച്ചു തുടങ്ങാമെന്നുമാണ് വാഗ്ദാനം. ദിവസവും 300 രൂപ മുതൽ 1000 രൂപ വരെ വരുമാനത്തിൽ എത്താമെന്നും അറിയിക്കും.

ഇവർ അയച്ചു നൽകുന്ന രണ്ട് ലിങ്കുകളിൽ പ്രവേശിച്ച് ഇതിന്റെ സ്‌ക്രീൻഷോട്ട് അയച്ചു നൽകണം. കംപ്യൂട്ടറിൽനിന്ന് ലിങ്കിൽ പ്രവേശിക്കുന്നതിനെ എതിർക്കും. മൊബൈൽ ഫോണിൽനിന്നുതന്നെ പ്രവേശിക്കണമെന്ന് നിർബന്ധം പിടിക്കും.

ഫോണുകളിൽനിന്ന് അക്കൗണ്ട് വിവരങ്ങൾ അടക്കം ചോർത്തി തട്ടിപ്പ് നടത്തുകയാണ് അയയ്ക്കുന്നവരുടെ ലക്ഷ്യം.

വൻ വരുമാനം ഉണ്ടാക്കാമെന്ന തരത്തിൽ വരുന്ന ഇത്തരം സന്ദേശങ്ങൾ പണം തട്ടൽ ലക്ഷ്യമാക്കി മാത്രമുള്ളതാണെന്ന് കൊച്ചി സിറ്റി സൈബർ പോലീസ് അധികൃതർ പറഞ്ഞു.

ഒരു കാരണവശാലും ഇത്തരം ലിങ്കുകളിൽ പ്രവേശിക്കരുതെന്ന് സൈബർ പോലീസ് പറഞ്ഞു.

ആപ്പ് ബഗ് എന്നത് ആപ്ലിക്കേഷനിലെ ബഗ് കണ്ടെത്തുന്ന കാര്യമാണ്. ഇത് സാങ്കേതിക ശേഷിയുള്ളവരാണ് ചെയ്യുന്നത്. ഈ പേരുപറഞ്ഞ് ആളുകളെ വീഴ്ത്തി തട്ടിപ്പിനിരയാക്കുന്നതാണ് തട്ടിപ്പുകാരുടെ പുതിയ രീതി.