കൊച്ചി: സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് കുട്ടികളെ വ്യാപകമായി ചൂഷണം ചെയ്യുന്നുവെന്ന് കണ്ടെത്തൽ. ഓൺലൈൻ ക്ലാസുകൾ തുറന്ന സാഹചര്യത്തിൽ ഇതിനുവേണ്ടി മാത്രം ചിലർ രംഗത്തുണ്ടെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. അപരിചിതരായ സുഹൃത്തുക്കളായി ഓൺലൈനിൽ എത്തുന്നതിനൊപ്പം കുട്ടികളുടെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പേരും ചിത്രവും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയും ചൂഷണത്തിന് ഇവർ കളമൊരുക്കുന്നുണ്ട്.

കുട്ടികളുമായി സൗഹൃദത്തിലായാൽ ഇവരുടെ ഇ-മെയിൽ, വാട്‌സാപ്പ്, മെസഞ്ചർ തുടങ്ങിയവയുടെ വിവരങ്ങൾ ചോദിച്ചറിയും. പിന്നീട് ഇതിലേക്ക് അശ്ലീല ഫോട്ടോകളും വീഡിയോകളും അശ്ലീല വെബ്‌സൈറ്റുകളുടെ ലിങ്കുകളും അയച്ചു നൽകുകയാണ് ചെയ്യുന്നത്.

ഇതിൽ വീഴുന്ന കുട്ടികളുമായി സ്വകാര്യ ചാറ്റ് നടത്തുകയും പിന്നീട് ഇവരുമായി വീഡിയോ കോളും മറ്റും നടത്തി റെക്കോഡ്‌ ചെയ്യും. കൂടെ സ്വകാര്യ ചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്യും. ഇവ കൈയിൽ കിട്ടിയാൽ പിന്നീടിത് കാട്ടി ഭീഷണിപ്പെടുത്തി കുട്ടികളെ ചൂഷണങ്ങൾക്ക് വിധേയരാക്കും.

എടുക്കാം മുൻകരുതലുകൾ

പാരന്റൽ കൺട്രോൾ സെറ്റ് ചെയ്യുക, സാമൂഹിക മാധ്യമങ്ങളിലെ ആപ്പുകളിലെ ശക്തമായ പ്രൈവസി സെറ്റിങ് ഉപയോഗിക്കുക, ചൈൽഡ് ഫ്രൺഡ്‌ലി ആപ്പുകളും സെർച്ച് എൻജിനുകളും ഉപയോഗിക്കുക. പരിചയമില്ലാത്തവരുടെ ഫ്രൺഡ്‌സ് റിക്വസ്റ്റുകളും ഇ-മെയിലും അവഗണിക്കുക, ഇ-മെയിലുകൾക്ക് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ കൊടുക്കുക എന്നിവയാണ് ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാനുള്ള മുൻകരുതലുകൾ. ഇതോടൊപ്പം ഓൺലൈൻ ക്ലാസുകലുടെ ലിങ്കുകളും പാസ്‌വേർഡും ആവശ്യമില്ലാത്തവർക്ക് ഷെയർ ചെയ്യാതിരിക്കാനും ശ്രമിക്കണം. അപരിചിതരുമായുള്ള ഓൺലൈൻ സൗഹൃദങ്ങൾ കുട്ടികൾക്കില്ലെന്ന് രക്ഷിതാക്കാൾ ഉറപ്പു വരുത്തണം.

ചൂഷണം കൂടുന്നു

ആദ്യവട്ടം ലോക്ഡൗൺ സമയത്ത് രക്ഷിതാക്കളും കൂട്ടികളുടെ കൂടെയുണ്ടായതിനാൽ കുറച്ചുകൂടെ സുരക്ഷിതരായിരുന്നു. ഇത്തവണ രക്ഷിതാക്കളുടെ ശ്രദ്ധ കുറഞ്ഞിട്ടുണ്ട്. അതിനാൽത്തന്നെ ഓൺലൈനിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന സംഭവങ്ങൾ കൂടിയിട്ടുണ്ട്. ഓൺലൈനിലെ ചതിക്കുഴികളെക്കുറിച്ച് നിരന്തരം കുട്ടികൾക്ക് ബോധവത്കരണം നൽകണം. ഇരയായി മാറിയാൽ എന്താണ് ചെയ്യേണ്ടത് എന്നുകൂടി പറഞ്ഞു കൊടുക്കണം- ധന്യ മേനോൻ (സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ)