കൊച്ചി: ഓൺലൈൻവിപണിവഴി പരസ്യം നൽകുന്നവരെ തേടിപ്പിടിച്ച് തട്ടിപ്പിനിരയാക്കാൻ വ്യാജന്മാർ. ഇതുസംബന്ധിച്ച് സംസ്ഥാന സൈബർ ഡോം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. മൊബൈൽ ബാങ്കിങ് പഴ്‌സണൽ ഐഡന്റിഫിക്കേഷൻ നമ്പർ (എം.പിൻ) വാങ്ങിയാണ് തട്ടിപ്പ്.

സെക്കൻഡ് ഹാൻഡ് വസ്തുക്കൾ വാങ്ങാനായി ഓൺലൈൻവിപണിയിൽ പരസ്യം നൽകുന്നവരുടെ ഫോൺ നമ്പറിൽ തട്ടിപ്പുകാർ ബന്ധപ്പെടും. പ്രതീക്ഷിക്കുന്നതിലോ അതിനപ്പുറമോ ഉള്ള തുക ഓഫർ ചെയ്യുന്നതോടെ ശരിക്കും സാധനങ്ങൾ വാങ്ങാനെത്തിയവരാണ് ഇവരെന്ന് നമ്മൾ തെറ്റിദ്ധരിക്കും. വിശ്വാസം നേടാൻ സേനയിലെ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നവരുണ്ട്. ഇത് വിശ്വസിപ്പിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡിന്റെ ഫോട്ടോയും അയച്ചുനൽകും. മറ്റു ജോലികളുള്ളവരാണെന്നു ഭാവിച്ചും തട്ടിപ്പുണ്ട്.

വലയിൽ വീണു എന്നറിഞ്ഞാൽ പണം ഓൺലൈനിലൂടെ കൈമാറാമെന്ന് അറിയിക്കും. കച്ചവടം നടക്കുംമുമ്പ് പണം ലഭിക്കുമെന്ന മോഹവലയത്തിൽ വീഴ്ത്തിയശേഷം യു.പി.ഐ. പേയ്‌മെന്റ് സംവിധാനംവഴി പണം അയച്ചുനൽകാമെന്നു പറയും. ഇതിന്റെ പേയ്‌മെന്റ് റിക്വസ്റ്റ് ഇരയുടെ ഫോണിലേക്ക് എത്തും. ഇനിയാണ് തട്ടിപ്പ്.

റിക്വസ്റ്റിൽ എം.പിൻ നൽകാൻ നിർദേശമുണ്ടാകും. അങ്ങനെ എം.പിൻ തട്ടിപ്പുകാരുടെ കൈകളിലെത്തും. ഇതുപയോഗിച്ച് തട്ടിപ്പ് സംഘം അക്കൗണ്ടിലെ പണം കവർന്നെടുക്കും. പണം സ്വീകരിക്കുന്നതിൽ എം.പിൻ നൽകേണ്ടതില്ല എന്നകാര്യം അറിയാത്തതാണ് തട്ടിപ്പിനിരയാകാൻ കാരണം.

രഹസ്യനമ്പറാണ്; കൈമാറരുത്

എ.ടി.എം. പിൻ നമ്പറിനോടു സമാനമായ നമ്പറാണ് എം.പിൻ. മൊബൈൽ ബാങ്കിങ്ങിനായി രജിസ്റ്റർ ചെയ്യുമ്പോൾ ബാങ്ക് ഇടപാടുകാരന് നൽകുന്ന രഹസ്യനമ്പറാണിത്. ഫോണിലൂടെയുള്ള ഡിജിറ്റൽ പണമിടപാടിന് എം.പിൻ വേണം. പണം അയച്ചുനൽകുമ്പോൾ ട്രാൻസാക്‌ഷൻ പൂർത്തിയാക്കാൻ പാസ് വേഡായി ആണ് ഇതുപയോഗിക്കേണ്ടത്. തെറ്റായ ലിങ്കുകളിൽ പ്രവേശിച്ച് ഇത് നൽകിയാൽ പണം നഷ്ടമാകും.

-കൊച്ചി സൈബർസെൽ