മാങ്കാംകുഴി (ആലപ്പുഴ): ബൈക്കുകൾ കുറുകെവെച്ചതിനെച്ചൊല്ലിയുള്ള തർക്കം ഡി.വൈ.എഫ്.ഐ.-എസ്.ഡി.പി.ഐ. സംഘർഷമായി. കുത്തേറ്റ ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ വെട്ടിയാർ ശരവണ വീട്ടിൽ അരുൺകുമാറിനെ (23) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എസ്.ഡി.പി.ഐ. പ്രവർത്തകരായ ഷെമീർ, അജി, നൗഷാദ്, ഷംനാസ്, ഷഹനാസ് എന്നിവരെ കുറത്തികാട് പോലീസ് അറസ്റ്റുചെയ്തു.

dyfi sdpi
കുത്തേറ്റ ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ അരുൺകുമാറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, മാമ്പ്ര കിഴക്കേതിൽ ഷെമീറിന്റെ വീടിന്റെ ജനൽച്ചില്ലുകൾ തകർത്ത നിലയിൽ

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വെട്ടിയാർ പാറക്കുളങ്ങര മാമ്പ്ര കോളനിയിൽ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഘർഷത്തിന്റെ തുടക്കം. ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ അരുൺകുമാർ, ജസ്റ്റിൻ, അമിത്, മിഥുൻ എന്നിവർ വിവാഹപത്രികയുടെ ആവശ്യത്തിനായി കോളനിയിൽ എത്തിയപ്പോൾ അവിടെവെച്ച് എസ്.ഡി.പി.ഐ. പ്രവർത്തകനായ ഷഹനാസിന്റെ ബൈക്കുമായി തട്ടി. ഇതു തർക്കമായി.

തുടർന്നുണ്ടായ സംഘർഷം വീടുകയറി ആക്രമണവും കത്തിക്കുത്തുമായി മാറി. ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ മർദിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ പ്രവർത്തകർ എസ്.ഡി.പി.ഐ. പ്രവർത്തകനായ മാമ്പ്ര കിഴക്കേതിൽ ഷെമീറിന്റെ വീട് അടിച്ചുതകർത്തു. തുടർന്ന് എസ്.ഡി.പി.ഐ. പ്രവർത്തകരും ഡി.വൈ.എഫ്.ഐ.പ്രവർത്തകരും തമ്മിൽ സംഘർഷമായി.

sdpi dyfi
പനയ്ക്കതെക്കേതിൽ സദാനന്ദന്റെ വീടു തകർക്കപ്പെട്ട നിലയിൽ

വിവരമറിഞ്ഞു സ്ഥലത്തെത്തിയ കുറത്തികാട് പോലീസ്, ഷെമീറിന്റെ വീട്ടിൽനിന്നാണ് പ്രതികളെ പിടികൂടിയത്. പിന്നീടാണ് എസ്.ഡി.പി.ഐ. പ്രവർത്തകൻ അജിയുടെ ബൈക്കു കത്തിച്ചത്. ഇതറിഞ്ഞെത്തിയ എസ്.ഡി.പി.ഐ.ക്കാർ ഡി.വൈ.എഫ്.ഐ.നേതാവ് കെ. രാജേഷിന്റെ വീടന്വേഷിച്ച് തിങ്കളാഴ്ച പുലർച്ചേ രണ്ടരയോടെ എത്തി. എന്നാൽ, അവർക്കു വീടുതെറ്റി രാജേഷിന്റെ തൊട്ടടുത്ത വീടായ പനയ്ക്കതെക്കേതിൽ കെ. സദാനന്ദന്റെ വീടിന്റെ ജനൽച്ചില്ലുകൾ തകർത്തു. മുൻവാതിൽ വെട്ടിപ്പൊളിക്കുകയുംചെയ്തു. ശബ്ദംകേട്ട് വാതിൽ തുറക്കാൻ ശ്രമിച്ച സദാനന്ദൻ, രണ്ടുപേർ ഓടിമറയുന്നതു മാത്രമാണു കണ്ടത്. സ്ഥലത്ത് പോലീസ് ക്യാമ്പുചെയ്യുന്നുണ്ട്.

Content Highlights: one stabbed, bike lit on fire as dyfi sdpi conflict intensified in alapuzha