കൊച്ചി : അറുപതുവയസ്സ് കഴിഞ്ഞവർക്ക് 10,000 രൂപ പെൻഷൻ നൽകണമെന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാപക കാമ്പയിൻ. വൺ നേഷൻ വൺ പെൻഷൻ എന്ന കൂട്ടായ്മയുടെ കീഴിലാണിത്. ദിവസവും ഇരുപതിനായിരത്തിനുമുകളിൽ അംഗങ്ങളാണ് കൂട്ടായ്മയുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പിലേക്ക് പുതിയതായി ചേരുന്നത്. കർഷകരെ മുന്നിൽനിർത്തിയുള്ള കാമ്പയിനിൽ സർക്കാർ ജീവനക്കാരെയും സർവീസ് പെൻഷൻകാരെയും രൂക്ഷമായി വിമർശിക്കുന്ന സന്ദേശങ്ങളുമുണ്ട്.

60 കഴിഞ്ഞാൽ എല്ലാവരും തുല്യരാണെന്നും അതിനാൽ തുല്യപെൻഷൻ സർവീസ് പെൻഷൻകാർക്കും നൽകിയാൽമതിയെന്നാണ് നിലപാട്. ആവശ്യം നടപ്പാക്കുന്ന പാർട്ടിക്കുമാത്രമേ വോട്ടുചെയ്യൂ എന്നുള്ള പ്രഖ്യാപനവും ഗ്രൂപ്പിൽ കാണാം. കേരളത്തിലെ 900 പഞ്ചായത്തുകളിൽ വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിനുമുമ്പേ ആശയം രാഷ്ട്രീയപ്പാർട്ടികളുടെ മുന്നിലെത്തിക്കുമെന്ന് ഫൗണ്ടർ മെമ്പറായ വിനോദ് കെ. ജോസ് പറഞ്ഞു.

പെൻഷൻപദ്ധതിയെ തകർക്കുക ലക്ഷ്യം

ഈ പ്രചാരണം പെൻഷൻപദ്ധതിയെ തകർക്കുകയെന്ന ലക്ഷ്യംവെച്ചുള്ളതാണ്. കർഷകരെ സഹായിക്കാനല്ല, മുമ്പും ഇതുപോലുള്ള പ്രചാരണങ്ങൾ നടന്നിട്ടുണ്ട്. എല്ലാവർക്കും പതിനായിരം പെൻഷൻ നൽകണമെന്ന് ആവശ്യപ്പെടാം. ഒരു മേഖലയെ തകർത്തിട്ട് കൊണ്ടുവരണമെന്നതിന് പിന്നിൽ ദുഷ്ടലാക്കുണ്ട്. സംഘടനാപരമായി ചർച്ചചെയ്ത് നിലപാടെടുക്കും. - ടി.സി. മാത്തുക്കുട്ടി (ജനറൽ സെക്രട്ടറി, കേരള എൻ.ജി.ഒ. യൂണിയൻ)

എതിരേ കാമ്പയിൻ നടത്തുന്നുണ്ട്

പ്രചാരണത്തിനെതിരായി സർവീസ് പെൻഷൻകാർ കാമ്പയിൻ നടത്തുന്നുണ്ട്. 60 വയസ്സ് കഴിഞ്ഞവർക്ക് 10,000 രൂപ പെൻഷൻ ആക്കുന്നതിനോട് യോജിക്കുന്നു. സർവീസ് പെൻഷൻകാരുടെ പെൻഷൻ കുറയ്ക്കണമെന്നതിനോടാണ് എതിർപ്പ്. ജനപ്രതിനിധികളുടെയും ജുഡീഷ്യറിയിലുള്ളവരുടെയും അടക്കം പെൻഷൻതുക കുറയ്ക്കാൻ തയ്യാറാണെങ്കിൽ ഞങ്ങളും തയ്യാറാണ്. - ആർ. രഘുനാഥൻ നായർ ‍(ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ)

Content Highlights: One nation one pension campaign