ചെറുതോണി: ഇടുക്കി എൻജിനീയറിങ് കോളേജിലെ വിദ്യാർഥി ധീരജിനെ കൊലപ്പെടുത്തിയ കേസിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻകൂടി അറസ്റ്റിൽ. മങ്കുവ തെള്ളിത്തോട് മുല്ലപ്പിള്ളിൽ ജസ്സിൻ ജോയി(21)ആണ് അറസ്റ്റിലായത്. കേസിൽ ഒളിവിൽകഴിയുന്ന പ്രതി നിതിൻ ലൂക്കോസിനെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് അറസ്റ്റ്. രക്ഷപ്പെടുത്തിയശേഷം വസ്ത്രങ്ങളും മറ്റു സാധനങ്ങളും നിധിൻറെ വീട്ടിലെത്തിക്കാനെത്തിയപ്പോഴാണ് ജസ്സിൻ പിടിയിലായത്.

അതിനിടെ വ്യാഴാഴ്ച അറസ്റ്റുചെയ്ത ടോണി (22), നിബിൻ (22), വെള്ളിയാഴ്ച അറസ്റ്റിലായ ജസ്സിൻ ജോയി എന്നിവരെ പൈനാവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. മൂന്നുപേരയും 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.

കേസിൽ ഇതുവരെ തൊണ്ടിയായി ഒരു ഇന്നോവ കാർ, രണ്ടു സ്കൂട്ടർ, ഒരു ബൈക്ക്, ഒരു ആൾട്ടോ കാർ എന്നിവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു സ്വിഫ്റ്റ് കാർ കൂടി കണ്ടെടുക്കാനുണ്ട്.

പ്രധാന പ്രതികൾ പോലീസ് കസ്റ്റഡിയിൽ

കേസിലെ പ്രധാന പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ 10 ദിവസത്തേക്ക് കട്ടപ്പന കോടതി പോലീസ് കസ്റ്റഡിയിൽവിട്ടു. കഴിഞ്ഞദിവസം അസ്റ്റുചെയ്ത മൂന്നുപേരെയും കസ്റ്റഡിയിൽ കിട്ടുന്നതിന് പോലീസ് വീണ്ടും അപേക്ഷ നൽകും. നിഖിൽ പൈലിയേയും ജെറിൻ ജോജോയേയും ശനിയാഴ്ച പീരുമേട് സബ് ജയിലിൽനിന്ന് കസ്റ്റഡിയിൽ വാങ്ങും. ഇവരെ സംഭവ സ്ഥലത്തടക്കമെത്തിച്ച് തെളിവെടുക്കും. കേസിലെ പ്രധാന തെളിവായ കത്തിയും കണ്ടെടുക്കാനുണ്ട്. ഇടുക്കി ഡിവൈ.എസ്.പി. ഇമ്മാനുവേൽ പോളിന്റെ നേതൃത്വത്തിൽ ഒളിവിൽകഴിയുന്ന പ്രതികളെ പിടികൂടുന്നതിന് വ്യാപക അന്വേഷണം നടന്നുവരികയാണ്.