ആലപ്പുഴ: വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടുന്ന തടവുകാരെ ജയിലിൽ ഇടകലർത്തിയിടുന്ന രീതി മാറ്റുന്നു. ഒരേതരം കുറ്റം ചെയ്യുന്നവരെ ഒരേ സെല്ലുകളിലിട്ടാൽ മതിയെന്ന് ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് നിർദേശിച്ചു.

ക്രിമിനൽ കേസുകൾ, പോക്സോ, മയക്കുമരുന്നു കേസുകൾ എന്നിവയിൽ ജയിലിലാവുന്നവരെ ഒരുമിച്ച് വെവ്വേറെ സെല്ലുകളിൽ പാർപ്പിക്കാം. ജയിലുകളിലെ കാഷ് രജിസ്റ്റർ അടക്കമുള്ള എല്ലാ രജിസ്റ്ററുകളും കൃത്യമായിരിക്കണം. ഇത് ഉറപ്പാക്കാൻ ഡി.ഐ.ജി.മാർ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ജയിലുകളിലും ഉദ്യോഗസ്ഥരുടെ അച്ചടക്കം കൃത്യമായി പരിപാലിക്കണം. ഇതിൽ ഉദ്യോഗസ്ഥതലത്തിലുണ്ടാവുന്ന വീഴ്ചകൾക്ക് ഉത്തരവാദി ബന്ധപ്പെട്ട സൂപ്രണ്ടായിരിക്കുമെന്നും ഡി.ജി.പി. വ്യക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ചകളിൽ നേരിട്ട് കാണാം

ജയിലുദ്യോഗസ്ഥർക്കുള്ള വ്യക്തിപരമായ പരാതികൾ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ 11 വരെ ഡി.ജി.പി.യോട് നേരിട്ട് പറയാം. ജയിലുകൾ സന്ദർശിക്കുമ്പോഴും ഉദ്യോഗസ്ഥർക്ക് പരാതി അറിയിക്കാം.

Content Highlights: one cell for accused in prison