പരിയാരം (കണ്ണൂർ): പാണത്തൂരിൽനിന്നുള്ള ഒന്നരവയസ്സുകാരി കോവിഡും വിഷപ്പാമ്പിന്റെ കടിയും അതിജീവിച്ചു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ 11 ദിവസത്തെ ചികിത്സയ്ക്കുശേഷം പിഞ്ചുബാലിക ആസ്പത്രി വിട്ട് വീട്ടിലെത്തി. ജൂലായ് 21-ന്‌ അർധരാത്രിയിലാണ്‌ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ കുഞ്ഞിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്പത്രിയിൽ എത്തിച്ചത്‌.

ബിഹാറിൽ അധ്യാപകരായ ദമ്പതിമാരും മക്കളും പാണത്തൂർ വട്ടക്കയത്തെ വീട്ടിൽ ക്വാറന്റീനിലായിരുന്നു. ജനാല തുറക്കവേയാണ് ബാലികയുടെ കൈരവിരലിൽ അണലിയുടെ കടിയേറ്റത്. സി.പി.എം. നേതാവും പൊതുപ്രവർത്തകനുമായ ജിനിൽ മാത്യുവാണ് കുഞ്ഞിനെ ആസ്പത്രിയിലെത്തിച്ചത്‌. ചികിത്സയ്ക്കിടെ നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്തതോടെ ഐ.സി.യു.വിൽനിന്ന് വാർഡിലേക്ക്‌ മാറ്റി. പാമ്പുകടിയേറ്റ കൈവിരൽ സാധാരണനിലയിലേക്ക്‌ വരികയും കോവിഡ്‌ രോഗമുക്തി നേടുകയും ചെയ്തതോടെയാണ് ഞായറാഴ്ച ആസ്പത്രി വിട്ടത്. 10 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക്‌ കോവിഡ്‌ ബാധിച്ചാൽ മാറ്റിയെടുക്കുക പ്രയാസകരമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പറയുന്നത്. നേരത്തെ ഒരുവയസ്സും 10 മാസവും പ്രായമുള്ള കുട്ടിയും രണ്ടുവയസ്സുള്ള മറ്റൊരു കുട്ടിയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിൽനിന്ന്‌ കോവിഡ്‌ രോഗമുക്തി നേടിയിട്ടുണ്ട്‌.

ശിശുരോഗവിഭാഗം മേധാവി ഡോ. എം.ടി.പി. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ്‌ കുഞ്ഞിനെ ചികിത്സിച്ചത്‌. കുഞ്ഞ് ക്വാറന്റീനിലായിരുന്നത് നോക്കാതെ പരമാവധി വേഗത്തിൽ ആസ്പത്രിയിലെത്തിച്ച ജിനിൽ മാത്യുവിന്റെ സാഹസികത അവളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ ഡോ കെ.എം. കുര്യാക്കോസിന്റെയും മെഡിക്കൽ സൂപ്രണ്ട്‌ ഡോ. കെ. സുദീപിന്റെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.

Content Highlights: One and a half-year-old girl recovers from Covid-19 in Kannur