തൃപ്പൂണിത്തുറ: 12 കോടിയുടെ ഓണം ബമ്പർ ലോട്ടറി... കാത്തിരിക്കുകയാണ് കേരളം ആ ഭാഗ്യശാലിയെ. തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം എന്ന് വാർത്തവന്നതോടെ, ആ ടിക്കറ്റ് വിറ്റ തൃപ്പൂണിത്തുറ സ്റ്റാച്യു കവലയിലെ ‘മീനാക്ഷി ലോട്ടറീസ്’ ഏജൻസിയിൽ ജനത്തിരക്കായി. ടി.ഇ. 645465 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഭാഗ്യശാലിയെ കണ്ടെത്തിയില്ലെങ്കിലും അത് കടന്നുപോയത് ഈ വഴിയാണ് എന്നതിന്റെ സന്തോഷത്തിലായിരുന്നു ലോട്ടറിക്കടയിലെ ജീവനക്കാർ. വന്നവർക്കെല്ലാം അവർ സന്തോഷ മധുരമായി ലഡു നൽകി.

ഭാഗ്യാന്വേഷികൾ ഇവിടെ നിന്ന്‌ ലോട്ടറി ടിക്കറ്റ്‌ വാങ്ങുന്ന തിരക്കിലുമായി. തകർപ്പൻ കച്ചവടം. തിരക്ക് റോഡിലേക്കും നീണ്ടതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇപ്പോഴെത്തും ആ ഭാഗ്യശാലി എന്നു കരുതി ഒന്നുകാണാൻ ലോട്ടറിക്കടയുടെ സമീപത്തും ആളുകൂടി.

അഞ്ചു വർഷമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട് മീനാക്ഷി ലോട്ടറീസ്. ഇങ്ങനെയൊരു ഭാഗ്യം ഇതാദ്യം. കോട്ടയത്താണ് മീനാക്ഷി ലോട്ടറിയുടെ ആസ്ഥാനം. സംസ്ഥാനത്താകെ 40 ലോട്ടറിക്കടകൾ ഇവർക്കുണ്ട്. ഇക്കഴിഞ്ഞ എട്ടിനാണ് തൃപ്പൂണിത്തുറയിലെ കടയിൽ ഓണം ബമ്പറിന്റെ 660 ടിക്കറ്റുകൾ വിൽപ്പനയ്ക്ക് എത്തിച്ചതെന്ന് ജീവനക്കാരൻ തിരുമലൈ കുമാർ പറഞ്ഞു. അതിലൊന്നാണ് 12 കോടിയുടെ ഒന്നാം സമ്മാന ടിക്കറ്റ്.

അതിനിടെ ഭാഗ്യശാലിയാരെന്ന് കിംവദന്തികൾ നാലുപാടും പ്രചരിക്കാനും തുടങ്ങിയിരുന്നു.

തൃപ്പൂണിത്തുറ തെക്കുംഭാഗം പനയ്ക്കൽ ഭാഗത്തുള്ള കുടുംബശ്രീ തൊഴിലാളികളായ മൂന്നു സ്ത്രീകൾ ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് വാർത്ത പ്രചരിക്കാൻ തുടങ്ങി. ടിക്കറ്റെടുക്കാത്തവർക്കു പോലും 12 കോടിയുടെ മഹാഭാഗ്യം പറഞ്ഞ് അഭിനന്ദനങ്ങളെത്തി. വാട്സ് ആപ്പിലാകട്ടെ ഭാഗ്യശാലികളുടേതെന്ന പേരിൽ ആഹ്ലാദത്തിന്റെ ഫോട്ടോകൾ വരെ പ്രചരിച്ചു. ആ കോടിപതി തൃപ്പൂണിത്തുറയിൽത്തന്നെയാണോ, അതോ വന്നുപോയ മറ്റാരെങ്കിലുമാണോ? കാത്തിരിക്കുകയാണ് ഭാഗ്യശാലീ...