തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ പൂർണമായി ഉപേക്ഷിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരത്തേതുൾപ്പെടെ വിവിധ ജില്ലകളിൽ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന പരിപാടികൾ വേണ്ടെന്നുവെച്ചു. വിവിധ വകുപ്പുകൾക്ക് അനുവദിച്ച തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ആഘോഷം ഒഴിവാക്കി പരിപാടി നടത്താമെന്ന് ചില മന്ത്രിമാർ നിർദേശിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം നടത്തിയാൽ പൊതുജനാഭിപ്രായം എതിരാകുമെന്ന വിലയിരുത്തലിനെതുടർന്നാണ് പൂർണമായും ഒഴിവാക്കിയത്.

വിവിധ ജില്ലകൾക്കൊപ്പം തലസ്ഥാനത്ത് ഒരാഴ്ചയോളം നീളുന്ന ഓണാഘോഷ പരിപാടികളാണ് വർഷങ്ങളായി സംഘടിപ്പിച്ചുവരുന്നത്. വിവിധ ജില്ലകളിലെ ഓണാഘോഷപരിപാടികൾക്കായി ഇക്കുറി 35 കോടിയോളം രൂപ വിനോദസഞ്ചാര വകുപ്പ് നീക്കിവെച്ചിരുന്നു.

അതേസമയം ആലപ്പുഴയിലെ നെഹ്രു ട്രോഫി വള്ളംകളി പൂർണമായി ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാലാവസ്ഥ കണക്കിലെടുത്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കുട്ടനാട്ടിലെ വെള്ളപ്പൊക്കം കണക്കിലെടുത്താണ് 11-ന് നടക്കാനിരുന്ന നെഹ്രുട്രോഫി വള്ളംകളി മാറ്റിവച്ചത്.