ആലപ്പുഴ: ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകൾ ഇന്ത്യയെ കരയിലൂടെ മറികടന്ന് അറബിക്കടലിൽ പ്രവേശിക്കുന്നത് അപൂർവം. ഒരു ചുഴലിക്കാറ്റ് മറ്റൊന്നായി രൂപപ്പെടുന്നത് അത്യപൂർവവും. ഇവരണ്ടും സംഭവിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ഗുലാബ് ചുഴലിക്കാറ്റ് കരയിലൂടെ അറബിക്കടലിലെത്തി ഷഹീൻ ചുഴലിക്കാറ്റായി മാറിയതാണ് ഈ പുതിയപ്രതിഭാസം.

സെപ്റ്റംബർ 24-ന്‌ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ഗുലാബ്’ ചുഴലിക്കാറ്റ് ആന്ധ്ര-ഒഡിഷ തീരത്തിലൂടെ കരയിൽപ്രവേശിച്ച് ഗുജറാത്തിലൂടെയാണ് അറബിക്കടലിലെത്തിയത്. അവിടെ വീണ്ടും ശക്തിപ്രാപിച്ച് ഒക്ടോബർ ഒന്നിന് ‘ഷഹീൻ’ ആയിമാറി. കരയിലൂടെയും കടലിലൂടെയും ആറായിരത്തിലധികം കിലോമീറ്റർ താണ്ടി സഞ്ചാരപഥദൈർഘ്യത്തിന്റെ കാര്യത്തിലും മുന്നിട്ടുനിൽക്കുന്നു.

സമീപദശകങ്ങളിൽ ആദ്യമായി ഇന്ത്യൻ ഉപദ്വീപ് കരയിലൂടെ മറികടന്ന ചുഴലിക്കാറ്റ് 2018-ൽ വീശിയ ‘ഗജ’ യാണ്. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്തുപ്രവേശിച്ച്‌ കേരളത്തിലൂടെക്കടന്ന് തീവ്രന്യൂനമർദമായി അറബിക്കടലിൽ പ്രവേശിച്ച് പിന്നീടു ശക്തികുറഞ്ഞ് ഇല്ലാതായി.

അറബിക്കടലിൽ 52 ശതമാനംവർധന

അറബിക്കടലിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ 52 ശതമാനം വർധനയുണ്ടായെന്നാണു പഠനങ്ങൾ. 1998-2019 കാലയളവിൽ പ്രതിവർഷം ശരാശരി രണ്ടുചുഴലിവാതങ്ങൾ ഉണ്ടായി. അറബിക്കടലിലെ വർധിച്ചുവരുന്ന ഉപരിതല താപനിലയാണു ചുഴലിക്കാറ്റുകൾ കൂടാനും ശക്തിയേറിയവ ഉണ്ടാകാനുമുള്ള പ്രധാനകാരണമായി ശാസ്ത്രസമൂഹം വിലയിരുത്തുന്നത്.

  • അതിതീവ്ര ചുഴലിക്കാറ്റുകൾ അറബിക്കടലിൽ കൂടിവരുന്നു. മണിക്കൂറിൽ 118 മുതൽ 165 വരെ കിലോമീറ്റർ വേഗമാർജിക്കുന്ന ഇത്തരം കാറ്റുകളുടെ എണ്ണം 150 ശതമാനം വർധിച്ചു.
  • അറബിക്കടലിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റിന്റെ ദൈർഘ്യത്തിൽ 80 ശതമാനമാണുവർധന. അതിതീവ്ര ചുഴലിക്കാറ്റിന്റേതാകട്ടെ 260 ശതമാനവും. ഇക്കാര്യത്തിൽ ബംഗാൾ ഉൾക്കടലിൽ എടുത്തുപറയത്തക്ക മാറ്റങ്ങളൊന്നും നിരീക്ഷിക്കപ്പെട്ടിട്ടില്ല.

table

കേരളവും ചുഴലി മുനമ്പിൽ

കേരളത്തിൽ ഇതുവരെ ഒരു ചുഴലിക്കാറ്റ് ആഞ്ഞടിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അശാന്തി നിറഞ്ഞ കടലായി അറബിക്കടൽ മാറുന്നത് പടിഞ്ഞാറൻതീരത്തെ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കുന്നു. -ഡോ. ഗോപകുമാർ ചോലയിൽ, കാലാവസ്ഥ ഗവേഷകൻ