പാലാ: യു.ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുന്ന കെ.എം.മാണിയെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി എത്തി. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ പാലായിലെ വീട്ടിലെത്തിയാണ് ഉമ്മന്‍ചാണ്ടി കെ.എം. മാണിയെ കണ്ടത്. സൗഹൃദസന്ദര്‍ശനം മാത്രമായിരുന്നെന്നാണ് മാണി പ്രതികരിച്ചത്. ഫാ.കൊളംബിയര്‍ അവാര്‍ഡ്ദാനച്ചടങ്ങിനെത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി.

എന്നാല്‍,കോണ്‍ഗ്രസ്സുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തതോടെ മഞ്ഞുരുകിയിട്ടില്ലെന്നും വ്യക്തമായി.
പാര്‍ട്ടി എടുത്ത നിലപാടുകള്‍ ഗൗരവത്തോടെ കാണണമെന്ന അഭിപ്രായം കെ.എം.മാണി മുന്നോട്ടുവച്ചതായി അറിയുന്നു.തന്നെ കോണ്‍ഗ്രസ്സിലെ ചിലര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന അഭിപ്രായം അദ്ദേഹം ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ അണികള്‍ക്കുണ്ടായ വികാരം തണുപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്നതാണ് കേരള കോണ്‍ഗ്രസിനെ വേദനിപ്പിക്കുന്നത്.

ചരല്‍ക്കുന്നില്‍ കേരള കോണ്‍ഗ്രസ് എം സമ്മേളനം നടക്കാന്‍ പോകുകയാണ്. അതില്‍ ചര്‍ച്ച ചെയ്ത് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും മാണി വ്യക്തമാക്കി.

യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ്സ് ചില വിഷയങ്ങള്‍ ഉയര്‍ത്തിയത് ഗൗരവത്തോടെയാണ്. പരിഭവങ്ങള്‍ എപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. കേരള കോണ്‍ഗ്രസ്സ് ക്രിയാത്മക പ്രതിപക്ഷമായാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും അത്തരം നിലപാടിന്റെ അടിസ്ഥാനത്തിലാണ്.

ബാര്‍ക്കോഴ ആരോപണം ഉയര്‍ത്തിയതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് കെ.എം.മാണി ഉറച്ചുവിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് മുറിവുണക്കുന്ന പ്രസ്താവനയെങ്കിലും വേണമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
അതേസമയം,ഇപ്പോള്‍ ഒരു മുന്നണിമാറ്റത്തിന് അനുകൂലമായ സാഹചര്യമല്ല കേരള കോണ്‍ഗ്രസിനുള്ളത്. ആരോപണവിധേയരെ കൂടെക്കൂട്ടാന്‍ ഇടതുമുന്നണി തയ്യാറല്ലാത്തതാണ് കാരണം.

ഈ സാഹചര്യത്തിലാണ്,എന്‍.ഡി.എയില്‍ ഘടകകക്ഷിയാകുമെന്ന അഭ്യൂഹം പരക്കുന്നത്. ഇക്കാര്യം പക്ഷേ,പാര്‍ട്ടിനേതൃത്വം നിഷേധിച്ചിട്ടുണ്ട്. മുന്നണി വിടുന്നതിനോട് എം.എല്‍.എമാര്‍ക്കും യോജിപ്പില്ല.

സാഹചര്യം ഇതായിരിക്കെ,യു.ഡി.എഫില്‍നിന്ന് വേറിട്ട് പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന നിര്‍ദ്ദേശം ഉയരുന്നുണ്ട്. സമ്മര്‍ദ്ദതന്ത്രമെന്ന നിലയില്‍ ഇത് വിജയമാകുമെന്നും പാര്‍ട്ടി നേതൃത്വം കരുതുന്നു.

ഇതിനോടും എം.എല്‍.എമാര്‍ ഏകമനസ്സോടെയല്ല പ്രതികരിക്കുന്നത്. ഇക്കാര്യങ്ങളില്‍ ആഗസ്ത് ആറ്,ഏഴ് തിയ്യതികളില്‍ ചരല്‍ക്കുന്നില്‍ നടക്കുന്ന ക്യാമ്പ് കഴിയുന്നതോടെയേ വ്യക്തത വരൂ.