ഒല്ലൂർ: രണ്ടുമാസം മുമ്പ് വെട്ടിപ്പൊളിച്ചിട്ട റോഡിലെ ദുരിതയാത്രക്കിടെ ബസ് സൈക്കിളിലിടിച്ച് തൊഴിലാളി മരിച്ചു. അഞ്ചേരി ധന്യ നഗറിൽ മണലൊടി സത്യനാണ് (45) മരിച്ചത്. പനംകുറ്റിച്ചിറ കുളത്തിനു സമീപം റോഡിലെ കുഴിയാണ് അപകടത്തിന് വഴിവെച്ചത്. റോഡ് രണ്ടുദിവസത്തിനകം നന്നാക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ട് അഞ്ചുദിവസമായിട്ടും നന്നാക്കാത്ത റോഡിലാണ് അപകടമുണ്ടായത്.
ശനിയാഴ്ച ഉച്ചയ്ക്ക് എടക്കുന്നിയിൽനിന്ന് വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ പോവുകയായിരുന്നു സത്യൻ . സമീപത്തുകൂടി വന്ന ബസ് കുഴി ഒഴിവാക്കി മറികടക്കുന്നതിനിടെ സൈക്കിളിൽ തട്ടുകയായിരുന്നു. പരിക്കേറ്റ സത്യനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൂലിപ്പണിക്കാരനാണ്.
ഒല്ലൂരിൽ കുടിവെളള പൈപ്പിടുന്നതിനാണ് വ്യവസായ എസ്റ്റേറ്റു മുതൽ ക്രിസ്റ്റഫർ ജങ്ഷൻവരെ മെക്കാഡം റോഡിന്റെ മധ്യഭാഗം വെട്ടിപ്പൊളിച്ചത്. പൈപ്പിടൽ കഴിഞ്ഞെങ്കിലും പൊളിച്ച ഭാഗം ശരിയായി മൂടിയിട്ടില്ല. കോരിയെടുത്ത മണ്ണും റോഡിന്റെ പലയിടത്തും കുന്നുകൂടിക്കിടപ്പുണ്ട്.
മഴ പെയ്തതോടെ ഇവിടെ അപകടം പതിവായി. ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നത്. കടുത്ത ഗതാഗതക്കുരുക്കുമാണ്. റോഡിന്റെ ദുരവസ്ഥയറിഞ്ഞ് കളക്ടർ നേരിട്ടെത്തി ഉടൻ നന്നാക്കണമെന്ന് നിർദേശിച്ചെങ്കിലും നടപ്പായില്ല. രജനിയാണ് സത്യന്റെ ഭാര്യ. മക്കൾ: വിഷ്ണു, ശാലു ,വിപിൻ. ശവസംസ്കാരം ഞായറാഴ്ച നടക്കും.