കൊച്ചി: സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ ഇല്ലാതെ ബി.ജെ.പി. ഭാരവാഹിയോഗം വിളിച്ചതിൽ നേതാക്കൾക്കിടയിൽ അമർഷം. ഗൂഗിൾ മീറ്റിൽ പ്രസിഡന്റിന് എവിടെനിന്നും പങ്കെടുക്കാമെന്നിരിക്കെ അദ്ദേഹത്തിന്റെ അഭാവത്തിൽ യോഗം ചേർന്നതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. പ്രസിഡന്റിനെ വിളിക്കാതെ യോഗം ചേർന്നതിൽ അതൃപ്തരായ മുരളീധരവിഭാഗത്തെ രണ്ട് ജനറൽ സെക്രട്ടറിമാർ യോഗത്തിൽ നിന്ന് മാറിനിന്നു.

ഡൽഹിയിലുള്ള സുരേന്ദ്രൻ കേന്ദ്രമന്ത്രിമാരെ കാണുന്നതിനായുള്ള നീക്കത്തിലാണ്. അതിനിടെയാണ് ഇവിടെ യോഗം ചേർന്നത്. ആർ.എസ്.എസ്. ഇടപെടലിനെത്തുടർന്ന് സംഘടനാസെക്രട്ടറിയാണ് ഭാരവാഹിയോഗത്തിന് നേതൃത്വം നൽകിയത്. അധ്യക്ഷനോ ഉദ്ഘാടകനോ ഒന്നുമില്ലാതെയായിരുന്നു യോഗം. ജൂൺ പതിനാറുമുതൽ പാർട്ടി സംഘടിപ്പിക്കുന്ന സമരപരിപാടികളാണ് ചർച്ചയായത്.

സുരേന്ദ്രനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ തുടർച്ചയായി മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കെ പാർട്ടി സംസ്ഥാനനേതൃത്വം പ്രതിരോധത്തിലാണ്. കേന്ദ്രനേതൃത്വത്തിന്റെ കർശനമായ ഇടപെടലുണ്ടായിരുന്നിട്ടും കഴിഞ്ഞ കോർ കമ്മിറ്റി യോഗത്തിൽ കൃഷ്ണദാസ് പക്ഷം ശക്തമായ വിമർശനമാണ് സുരേന്ദ്രനുനേരെ ഉന്നയിച്ചത്.

പുതിയ സാഹചര്യത്തിൽ ആർ.എസ്.എസ്. എങ്ങനെ ഇടപെടുന്നുവെന്നാണ് കൃഷ്ണദാസ്-ശോഭാസുരേന്ദ്രൻ പക്ഷങ്ങൾ നോക്കുന്നത്. പ്രസിഡന്റില്ലാതെ ചേർന്ന ഭാരവാഹിയോഗം തങ്ങളുടെ നിലപാടുകൾക്കുള്ള അംഗീകാരമായാണ് അവർ കാണുന്നത്.