ഓച്ചിറ : പേരിലും ജോലിയിലുമുള്ള സാമ്യംമൂലം നിരപരാധിയായ യുവാവിനെ തീവ്രവാദിയായി മുദ്രകുത്തി. ഇതോടെ നാട്ടുകാരിൽനിന്ന് ഒറ്റപ്പെട്ട കുടുംബം വാടകവീട്ടിൽപ്പോലും താമസിക്കാനാകാത്തനിലയിലുമായി. ഖത്തറിൽ ജോലിചെയ്യുന്ന ഓച്ചിറ ചങ്ങൻകുളങ്ങര മുഹമ്മദ് ഫൈസലിനും കുടുംബത്തിനുമാണ് ഈ ദുർഗതി.

അന്താരാഷ്ട്ര ഭീകരസംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ കണ്ണിയെ തിരക്കി രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ വീടുമാറി ചങ്ങൻകുളങ്ങരയിൽ മുഹമ്മദ് ഫൈസൽ താമസിക്കുന്ന വാടകവീട്ടിൽ എത്തിയതാണ് പ്രശ്നത്തിന്റെ തുടക്കം. ഇതോടെ പോലീസും ചില മാധ്യമങ്ങളും ചങ്ങൻകുളങ്ങര സ്വദേശിയെയാണ് എൻ.ഐ.എ. പ്രതിചേർത്തതെന്ന വാർത്ത പുറത്തുവിട്ടു. നവമാധ്യമങ്ങളും സംഭവം ഏറ്റുപിടിച്ചതോടെ കുടുംബം സംശയത്തിന്റെ നിഴലിലാവുകയും ചെയ്തു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ കുടുംബം ജില്ലാ പോലീസ് ആസ്ഥാനത്ത് പോയതും സംശയം ഇരട്ടിപ്പിച്ചു.

അതേസമയം ഐ.എസുമായി ബന്ധമുണ്ടെന്ന കേസിൽ ദേശീയ അന്വഷണ ഏജൻസി (എൻ.ഐ.എ.) പ്രതിചേർത്തത് കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശി മുഹമ്മദ് ഫൈസൽ എന്ന അബു മർവാൻ അൽഹിന്ദി(29)നെയാണ്. ഇരുവരും ഖത്തറിലാണ് ജോലിചെയ്യുന്നത്. രണ്ടുപേരും ഫയർ ആൻഡ്‌ സേഫ്റ്റി കോഴ്സും വിജയിച്ചിട്ടുണ്ട്. ഈ സാമ്യമാണ് ചങ്ങൻകുളങ്ങരയിലെ മുഹമ്മദ് ഫൈസലിനെ കുരുക്കിലാക്കിയത്.

വാർത്ത പരന്നതോടെ കുടുംബത്തെ വാടകവീട്ടിൽനിന്ന്‌ പുറത്താക്കണമെന്ന ആവശ്യവുമായി സമീപവാസികൾ വീട്ടുടമയെ സമീപിച്ചു. മുഹമ്മദ് ഫൈസൽ നിരപരാധിയാണെന്ന് പോലീസ് സ്ഥിരീകരിച്ചതോടെയാണ് കുടുംബത്തിന് ആശ്വാസമായത്.

content highlights: Ochira,youth,changankulangra muhammad faizal