ഓച്ചിറ: നിരപരാധിയായ തന്റെ മകനെ ഭീകരനാക്കി ചിത്രീകരിച്ചതിലൂടെ കുടുംബം മാനസികമായി തകർന്നെന്ന് ഒാച്ചിറ ചങ്ങൻകുളങ്ങരയിലെ മുഹമ്മദ് ഫൈസലിന്റെ പിതാവ് അബൂബക്കർ. മകന്റെ നിരപരാധിത്വം പുറത്തുകൊണ്ടുവന്ന ‘മാതൃഭൂമി’-യോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന കേസിൽ കരുനാഗപ്പള്ളി വവ്വാക്കാവ് ത്രിവേണി ജങ്ഷനുസമീപമുള്ള മുഹമ്മദ് ഫൈസലിനെയാണ് എൻ.ഐ.എ. കസ്റ്റഡിയിലെടുത്തത്. എന്നാൽ, പേരിലും ഖത്തറിലെ ജോലിയിലുമുള്ള സാമ്യം കാരണം ചങ്ങൻകുളങ്ങരയിലെ മുഹമ്മദ് ഫൈസലിനെയാണ് ഭീകരനെന്ന നിലയിൽ ചിത്രീകരിക്കാൻ ശ്രമം നടന്നത്.

‘മകന്റെ ഫോട്ടോ ചിലർ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്ത് ഭീകരനായി ചിത്രീകരിച്ചതുമൂലം ഏതാനും ദിവസം വീട്ടിൽനിന്ന് പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയിലായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ വീട്ടിൽ വന്നു. ഞങ്ങളുടെ മൊഴിയിൽനിന്ന് ആളുമാറിയതാണെന്ന് അവർക്ക് ബോധ്യമായി. എങ്കിലും അന്വേഷണത്തിന്റെ ഭാഗമായി ഞങ്ങളെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയും നിരപരാധിത്വം ബോധ്യപ്പെടുത്തുകയും ചെയ്തു. കാര്യങ്ങൾ വ്യക്തമായതോടെ അബദ്ധം പറ്റിയതാണെന്ന് പോലീസ് സമ്മതിക്കുകയും ഞങ്ങളെ ആശ്വസിപ്പിച്ച് തിരികെ അയയ്ക്കുകയും ചെയ്തു. എന്നാൽ, ചില മാധ്യമങ്ങൾ അപ്പോഴും അപവാദപ്രചാരണം തുടർന്നു’ -അബൂബക്കർ പറഞ്ഞു.

വലിയകുളങ്ങര മുണ്ടപ്പള്ളിൽ പുത്തൻവീട്ടിൽ താമസിച്ചിരുന്ന തങ്ങൾ അടുത്തിടെയാണ് ചങ്ങൻകുളങ്ങരയിലെ വാടകവീട്ടിലേക്ക് മാറിയതെന്നും അബൂബക്കർ പറഞ്ഞു.

content highlights: Ochira,isis,kollam