Makaram Mathew
മകാരം മാത്യു | ഫോട്ടോ:മധുരാജ് / മാതൃഭൂമി

കേളകം: ’മ’ എന്ന അക്ഷരംകൊണ്ട് വാക്കുകളുടെ പ്രപഞ്ചം തീർത്ത പ്രഭാഷകൻ മകാരം മാത്യു (മാത്യു കൊട്ടാരത്തിൽ-84) അന്തരിച്ചു. കാൻസർരോഗബാധയെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കേളകം ചുങ്കക്കുന്നിലെ വീട്ടിലാണ് അന്ത്യം.

അൻപതാം വയസ്സുമുതൽ ‘മകാര’ പ്രസംഗം തുടങ്ങിയ മാത്യു നിരവധി വേദികളിൽ മണിക്കൂറുകൾ ’മ’ യിൽ തുടങ്ങുന്ന വാക്കുകൾ കൊണ്ട് മാത്രം സംസാരിച്ച് പ്രശസ്തനായി. 1997-ൽ ഡൽഹി ഗുഡ്ഗാവിൽ അഞ്ചുമണിക്കൂർ ‘മകാര’പ്രസംഗം നടത്തി കൗതുകപ്രസംഗത്തിനുള്ള ലോക റെക്കോഡ് കുറിച്ചു. ’മ’യിൽ തുടങ്ങുന്ന വാക്കുകൾകൊണ്ട് 2000 വരികളിൽ ’മാമലയ്ക്ക് മാനഭംഗം’ എന്ന കവിതാസമാഹാരം രചിച്ചിട്ടുണ്ട്.

കഥാപ്രസംഗകനും നാടകകൃത്തും ഗ്രന്ഥകർത്താവുമാണ്. ‘ഒരു ജീവിതം തകരുന്നു’, ‘ഇനി കേരളം നിങ്ങൾക്കില്ല’ എന്നീ നാടകങ്ങൾ എഴുതി സംവിധാനംചെയ്തു. ഗാന്ധിജിയുടെ രൂപത്തിൽ വേഷപ്പകർച്ച നടത്തി രാജ്യത്തുടനീളം സഞ്ചരിച്ച് നാലായിരത്തോളം പ്രഭാഷണങ്ങൾ നടത്തി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: മേഴ്സി, മനോജ്. മരുമക്കൾ: ജെയ്‌മോൻ, സോൾജി. സഹോദരങ്ങൾ: ജോയി, പരേതരായ മാനുവൽ, പാപ്പച്ചൻ, ജോർജ്.