തിരുവനന്തപുരം: ബി.ജെ.പി. നേതാവും മുൻ എം.എൽ.എ.യുമായ ഒ. രാജഗോപാൽ കൈയിൽ ദീപമേന്തിയ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ്‌ചെയ്തത് ‘സേവ് ബംഗാൾ ദിന’ത്തിന്റെ ഭാഗമായാണ്. ബംഗാളിൽ നടക്കുന്ന നരഹത്യകളിൽ പ്രതിഷേധിച്ച് തപസ്യ കലാസാഹിത്യ വേദി വെള്ളിയാഴ്ച സേവ് ബംഗാൾ ദിനമായി ആചരിക്കാനും വൈകുന്നേരം വീടുകളിൽ ദീപം തെളിക്കാനും ആഹ്വാനംചെയ്തിരുന്നു. ബി.ജെ.പി. ദേശീയ കമ്മിറ്റിയും ആർ.എസ്.എസ്. ഉൾപ്പെടെയുള്ള സംഘടനകളും ഐക്യദാർഢ്യവുമായി രംഗത്തെത്തി.

തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ഇടതുപക്ഷ പ്രവർത്തകർ വീടുകളിൽ ദീപം തെളിച്ചതും വെള്ളിയാഴ്ച വൈകീട്ടായിരുന്നു. ഇതേസമയം തന്നെയാണ് രാജഗോപാലും ദീപമേന്തിയ ചിത്രം പോസ്റ്റ്‌ചെയ്തത്. ‘‘ബംഗാളിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി. ദേശീയ കമ്മിറ്റി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്റെ പോസ്റ്റ്. അത് പിണറായി വിജയന് ആശംസയർപ്പിക്കാനാണ് എന്ന് പ്രചരിപ്പിച്ചത് ശുദ്ധ അസംബന്ധമാണ്’’ -ഒ. രാജഗോപാൽ പറഞ്ഞു.

ടാഗോർ ജയന്തി ദിനമായിരുന്ന വെള്ളിയാഴ്ച രാവിലെ ഗീതാഞ്ജലി ആലപിച്ചായിരുന്നു തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബംഗാളിൽ ആക്രമിക്കപ്പെട്ടവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.