തിരുവനന്തപുരം: ഓലഞ്ചേരി രാജഗോപാല്‍ എന്ന ഒ.രാജഗോപാല്‍, ബി.ജെ.പി.യുടെ 'ചിഹ്ന'മായിട്ട് പതിറ്റാണ്ടുകളായി. 1980-ല്‍ പാര്‍ട്ടിയുടെ പിറവി മുതല്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പ് വരെയുള്ള കാലത്ത് 'രാജേട്ട'നെന്ന രാജഗോപാലിനെ മാറ്റിനിര്‍ത്തി ബി.ജെ.പി.ക്ക് ചരിത്രമില്ല.

നേമത്തേക്ക് സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുമ്പോള്‍, ഇനി മത്സരത്തിനില്ലെന്ന നിലപാടിലായിയുന്ന അദ്ദേഹം, ചരിത്രമായിത്തീരേണ്ട ഒരു ദൗത്യത്തിലേക്കുള്ള സ്‌നേഹത്തോടെയുള്ള നിര്‍ബന്ധത്തിന് ഒടുവില്‍ വഴങ്ങുകയായിരുന്നു. ഇപ്പോള്‍ ബി.ജെ.പി.യെ ആദ്യമായി കേരള നിയമസഭയിലെത്തിച്ചു എന്ന അപൂര്‍വത സ്വന്തം പേരിലെഴുതുകയാണ് നേമത്തെ വിജയത്തിലൂടെ രാജഗോപാല്‍.

എണ്‍പത്തിയാറാം വയസ്സിന്റെ ചെറുപ്പവുമായി തിരഞ്ഞെടുപ്പുഗോദയിലേക്കിറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞ മറ്റൊന്നുമുണ്ടായിരുന്നില്ല രാജഗോപാലിന്റെ മുന്നില്‍. ബി.ജെ.പി.ക്കെതിരെ മുന്നണികള്‍ പതിനെട്ടടവും പയറ്റുമ്പോഴും നേമം കൈവിടില്ലെന്ന് രാജഗോപാല്‍ ഉറപ്പിച്ചുപറഞ്ഞു. എവിടെ തോറ്റാലും ആരു കാലുവാരിയാലും നേമത്ത് ജയിക്കും എന്ന നിലപാടില്‍നിന്ന് അദ്ദേഹം മാറിയില്ല. വോട്ടുമറിക്കല്‍ നടന്നാലും കുറഞ്ഞത് 8000 വോട്ടുകള്‍ക്ക് ജയിക്കുമെന്ന് വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ പ്രഖ്യാപിക്കുകയും ചെയ്തു. സിറ്റിങ് എം.എല്‍.എ. വി.ശിവന്‍കുട്ടിയെ 8671 വോട്ടിനാണ് അദ്ദേഹം മറികടന്നത്.

1980-ല്‍ കാസര്‍കോട്ടുനിന്ന് ജനതാപാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചുതുടങ്ങിയതാണ് രാജഗോപാല്‍. മത്സരിച്ച തിരഞ്ഞെടുപ്പുകളുടെ എണ്ണംതന്നെ രണ്ടക്കത്തിലെത്തി. തോറ്റ ചരിത്രമേ ഉണ്ടായിരുന്നുള്ളൂ. ചരിത്രം തിരുത്തുക എന്ന ദൗത്യമാണ് അദ്ദേഹം ഇക്കുറി വെടിപ്പായി നടപ്പാക്കിയത്. എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കുകയും തോല്‍ക്കുകയും ചെയ്ത രാജഗോപാലിന് 'സീറോ രാജഗോപാല്‍' എന്ന പരിഹാസപ്പട്ടം ചാര്‍ത്തിയവരുണ്ട്. നേമം വിജയത്തോടെ അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് 'ഹീറോ രാജഗോപാലാ'യി മാറി. പാര്‍ലമെന്റംഗമാവുന്ന കേരളത്തില്‍നിന്നുള്ള ആദ്യ ബി.ജെ.പി.ക്കാരന്‍ എന്ന വിശേഷണമുള്ള രാജഗോപാലിലൂടെത്തന്നെ കേരള നിയമസഭയില്‍ ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കാനായി.

2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ 2,28,052 വോട്ടുനേടിയ രാജഗോപാല്‍, എല്ലാവരെയും ഞെട്ടിച്ചു. തുടര്‍ന്ന് 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് 43,661 വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തി. ഏഴായിരത്തില്‍ താഴെ വോട്ടിനാണ് രാജഗോപാല്‍ അന്ന് തോറ്റത്. അടുത്ത ഊഴം ശെല്‍വരാജിന്റെ കൂറുമാറ്റത്തെ തുടര്‍ന്ന് നടന്ന നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പായിരുന്നു.

ബി.ജെ.പി.ക്ക് വലിയ വളക്കൂറില്ലാത്ത നെയ്യാറ്റിന്‍കരയില്‍ അന്ന് രാജഗോപാല്‍ 30,507 വോട്ടുനേടി വീണ്ടും ശ്രദ്ധേയനായി. ബി.ജെ.പി. മോദിക്കാറ്റില്‍ വലിയ കുതിപ്പ് നടത്തിയ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, രാജഗോപാല്‍ വിജയം ഉറപ്പിച്ചിരുന്നെങ്കിലും ഒടുവില്‍ നേരിയ വ്യത്യാസത്തില്‍ കോണ്‍ഗ്രസിന്റെ ശശി തരൂരിനോട് പരാജയപ്പെട്ടു. പിന്നത്തെ ഊഴം സ്​പീക്കര്‍ ജി.കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് നടന്ന അരുവിക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പായിരുന്നു. ബി.ജെ.പി. വിദൂര സാധ്യതകൂടി കല്പിക്കാതിരുന്ന മണ്ഡലത്തില്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് രാജഗോപാല്‍ സ്ഥാനാര്‍ഥിയായത്. ഇതോടെ ത്രികോണമത്സരമായി. 34,000 വോട്ടുകള്‍ നേടുകയും ചെയ്തു.

പാലക്കാട് സ്വദേശിയായ രാജഗോപാല്‍, അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ജനസംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായി. അടിയന്തരാവസ്ഥക്കാലത്ത് രാജഗോപാലായിരുന്നു ജനസംഘത്തെ നയിച്ചത്. മലപ്പുറം ജില്ലാ രൂപവത്കരണ വിരുദ്ധ സമരത്തില്‍ മുഖ്യപങ്ക് വഹിച്ചു. ആക്ഷന്‍ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. ജനസംഘം ബി.ജെ.പി.യായപ്പോള്‍ പാര്‍ട്ടിയുടെ പ്രഥമ സംസ്ഥാന അധ്യക്ഷനായി. പിന്നീട് രാഷ്ട്രീയത്തില്‍ വളര്‍ച്ചയുടെ കാലമായിരുന്നു രാജഗോപാലിന്. പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയും ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായി.

മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജഗോപാല്‍, കേന്ദ്ര റെയില്‍വെ, പ്രതിരോധം, നഗരാസൂത്രണം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നു. റെയില്‍വെ സഹമന്ത്രിയായിരുന്ന കാലത്തെ മികച്ച പ്രകടനമാണ് രാജഗോപാലിനെ വലിയൊരു വിഭാഗമാളുകളുടെ പ്രിയനേതാവാക്കിയത്.